നിലയ്ക്കാത്ത മഴ: വെള്ളക്കെട്ട്

നല്ലളം ബാംബൂ ഹൈടെക് ഫ്ലോറിങ് ടൈൽ ഫാക്ടറി വളപ്പിൽ വെള്ളം കയറിയപ്പോൾ


ഫറോക്ക് മഴ കനത്തതോടെ ചെറുവണ്ണൂർ -നല്ലളം മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. നല്ലളം കീഴ്വനപ്പാടം, ജയന്തി റോഡ് മേഖല, ചെറുവണ്ണൂർ കരിമ്പാടം കോളനി എന്നിവിടങ്ങളിൽ ജനങ്ങൾ ദുരിതത്തിലായത്.  കരിമ്പാടം കോളനിയിൽ വെള്ളം ഒഴിഞ്ഞുപോകാത്തത്‌ അമ്പതോളം വീട്ടുകാരെ ബാധിച്ചു. മഴ കനത്താൽ  മേഖലയിൽ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നേക്കും. വെള്ളം ഒഴിഞ്ഞു പോകാൻ സംവിധാനമില്ലാത്തതും ഉയർന്ന പ്രദേശങ്ങളിൽനിന്നും മഴവെള്ളം ഒഴുകിയെത്തുന്നതുമാണ് കീഴ് വനപ്പാടത്തെ വെള്ളപ്പൊക്കക്കെടുതിക്ക് കാരണം. കെ പി  മുജീബ്, ടി പി രമ, അനിത, അഹമ്മദ് കോയ, കോളിക്കൽ അബ്ദുക്ക, കാദർക്ക, അഷ്റഫ്, റിയാസ്, ബഷീർ, ജെറീന പുതുപ്പള്ളി, കുഞ്ഞമ്മ എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്. മഴ കുറഞ്ഞതോടെ ഉച്ചയോടെ വെള്ളമിറങ്ങി.  കുണ്ടായിത്തോട് റെയിൽ അടിപ്പാതയിൽ വെള്ളംകയറി വാഹനയാത്ര മുടങ്ങി. നല്ലളം ജയന്തി റോഡ് ബാംബു ഹൈടെക് ഫ്ലോറിങ് ഫാക്ടറി വളപ്പും സമീപത്തെ  താരശ്രീ വനിതാ ചെരുപ്പ് അപ്പർ സ്റ്റിച്ചിങ് യൂണിറ്റുകളുടെ വളപ്പും വെള്ളത്തിൽ മുങ്ങി. പ്രദേശത്ത് ആക്രി സാധനങ്ങളുടെ സംഭരണ കേന്ദ്രങ്ങളിലെ മാലിന്യങ്ങൾ മഴവെള്ളത്തിൽ ഒഴുകുന്നതും ഭീഷണിയാണ്‌. Read on deshabhimani.com

Related News