കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും "വിത്ത്‌ മുളയ്‌ക്കാതെ' കല്ലുമ്മക്കായ കൃഷി



കോഴിക്കോട്‌ ഉത്തരമലബാറിലെ തീൻമേശകളിലെ കൊതിപ്പിക്കുന്ന വിഭവമാണ്‌ കല്ലുമ്മക്കായ. കാലാവസ്ഥയും വെള്ളവും ഇങ്ങനെ ‘കലങ്ങിമറിഞ്ഞാൽ’ കല്ലുമ്മക്കായ രുചി അപ്രത്യക്ഷമാകുമോ എന്ന ആശങ്ക ഉയരുകയാണ്‌. ജലമലിനീകരണവും കാലാവസ്ഥാ വ്യതിയാനവുമാണ്‌ കല്ലുമ്മക്കായ കൃഷിയെ കുഴപ്പത്തിലാക്കുന്നത്‌. ഫിഷറീസ്‌ വകുപ്പിന്റെ കണക്ക്‌ പ്രകാരം പ്രളയശേഷം ജില്ലയിൽ ഉൽപ്പാദനത്തിൽ വർഷം ശരാശരി 150 ടണ്ണിന്റെ കുറവാണുള്ളത്‌. സർക്കാർ പദ്ധതികൾക്ക്‌ കീഴിലും അല്ലാതെയുമായുള്ള കൃഷിയുടെ കണക്കനുസരിച്ച്‌ 2016, 2017 വർഷങ്ങളിൽ 400 ടൺ വരെ ആയിരുന്നു  ഉൽപ്പാദനം. 2018ൽ 200 ടൺ ആയി. 2019ൽ 180 ടണ്ണും ആയി ഉൽപ്പാദനം കുറഞ്ഞു. 2021ൽ 220 ടണ്ണായി നേരിയ വർധനയുണ്ട്‌.  പാറയിൽ രൂപപ്പെടുന്ന പ്രത്യേക ജൈവഘടനയിലാണ്‌ കല്ലുമ്മക്കായ വിത്ത്‌ വളരുന്നത്‌. ജലത്തിൽ ഉപ്പും വേണം. പ്രളയശേഷം പാറയിലെ ഈ പ്രതലം ഇല്ലാതായത്‌ വിത്തുവളർച്ച ദുർബലമാക്കി.  സമയം തെറ്റിയുള്ള മഴയും പ്ലാസ്റ്റിക്‌ മാലിന്യങ്ങളും വിത്ത്‌ പിടിക്കുന്നതിൽ വലിയ പ്രതിസന്ധിയുണ്ടാക്കുന്നതായി ഫിഷറീസ്‌ അധികൃതർ പറയുന്നു.  വിത്തുകൾ വിളവെടുക്കാൻ പാകമാവുംമുമ്പ്‌ പറിച്ചെടുക്കുന്നതും പ്രജനനത്തെയും ഉൽപ്പാദനത്തെയും  ബാധിക്കുന്നുണ്ട്‌. ചേമഞ്ചേരി, കടലുണ്ടി ഭാഗങ്ങളിലാണ്‌ കല്ലുമ്മക്കായ കൃഷി വ്യാപകമായുള്ളത്‌. അഞ്ഞൂറോളം പേരാണ്‌ ഈ മേഖലയെ ആശ്രയിക്കുന്നത്‌.         Read on deshabhimani.com

Related News