ഗുഡ്സ് ട്രാന്‍സ്‌പോര്‍ട്ട് 
തൊഴിലാളികള്‍ 
28ന്‌ പണിമുടക്കും



  കോഴിക്കോട്‌ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഗുഡ്സ് ട്രാൻസ്‌പോർട്ട് തൊഴിലാളികൾ 28ന് സംസ്ഥാന വ്യാപകമായി 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. സമരവും കലക്‌ടറേറ്റ് മാർച്ചും വിജയിപ്പിക്കാൻ കോഴിക്കോട് ചേർന്ന സംയുക്ത ട്രേഡ്‌ യൂണിയനുകളുടെയും വാഹന ഉടമകളുടെ സംഘടനകളുടെയും പ്രവർത്തക യോഗം തീരുമാനിച്ചു. മുച്ചക്ര ഗുഡ്സ് വാഹനങ്ങൾ, ടിപ്പർ, മിനിലോറി, മിനി പിക്കപ്പ്, ജെസിബി, ഹിറ്റാച്ചി എന്നിവ പണിമുടക്കിൽ അണിനിരക്കും.  കേന്ദ്ര നിയമത്തിന്റെ പേരിൽ വാഹനം വഴിയിൽ തടഞ്ഞ് വൻപിഴ ചുമത്തി ലൈസൻസ് സസ്‌പെൻഡ്‌ ചെയ്യുന്നത്‌ അവസാനിപ്പിക്കുക, പരിശോധന ഖനന കേന്ദ്രത്തിൽ നടത്തുക, സ്‌കൂൾ സമയത്തിന്റെ പേരിൽ ടിപ്പർ വാഹനങ്ങളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക,  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 20, 21 തീയതികളിൽ ഏരിയാ കേന്ദ്രത്തിൽ സമരസമിതി രൂപീകരിക്കും. 23, 24 തീയതികളിൽ തൊഴിലാളികളുടെ കൂട്ടായ്മ സംഘടിപ്പിക്കും. 27ന് ഏരിയാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗം സിഐടിയു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനംചെയ്തു. രഞ്ജിത്ത് കണ്ണോത്ത് (ഐഎൻടിയുസി) അധ്യക്ഷനായി. എൻ കെ സി ബഷീർ (എസ്‌ടിയു), കെ പി സനൽകുമാർ (ജെഎൽയു), കെ കെ കൃഷ്ണൻ (സിഐടിയു), പി കെ നാസർ (എഐടിയുസി), കെ കെ കൃഷ്ണൻ(എച്ച്എംഎസ്), എം രാജൻ (ലോറി ഓണേഴ്സ് അസോസിയേഷൻ), മുഹമ്മദ് ഇർഷാദ് (ടിപ്പർ ഓണേഴ്സ് അസോസിയേഷൻ)എന്നിവർ സംസാരിച്ചു. പരാണ്ടി മനോജ് കൺവീനറായി സംയുക്ത ട്രേഡ്‌ യൂണിയൻ –- വാഹന ഉടമ ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. Read on deshabhimani.com

Related News