വ്യാപനപ്പേടിയിൽ കെഎസ്‌ആർടിസി



കോഴിക്കോട്‌ കോവിഡ്‌ വ്യാപനം ശക്തമായതോടെ കെഎസ്‌ആർടിസി വീണ്ടും വരുമാന നഷ്‌ടത്തിലേക്ക്‌. ബസ്സുകളിൽനിന്നുള്ള യാത്രവേണ്ടെന്ന്‌ ഉത്തരവിട്ടതോടെ വരുമാനക്കുറവുണ്ടാകുമെന്നാണ്‌ ആശങ്ക.  കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവുവന്നശേഷം വരുമാനം മെച്ചപ്പെട്ട്‌ വരുന്നതിനിടെയാണ്‌ വീണ്ടും വ്യാപനം. ശബരിമല, ബംഗളൂരു സർവീസ്‌ കഴിഞ്ഞെത്തിയ ഡ്രൈവർമാരും കണ്ടക്ടർമാരും ഇവരുമായി സമ്പർക്കമുള്ള ഓഫീസ്‌ സ്റ്റാഫുമടക്കം 20 പേർക്ക്‌ കോഴിക്കോട്‌ ഡിപ്പോയിൽ കോവിഡ്‌ ബാധിച്ചിട്ടുണ്ട്‌. എന്നാൽ, ഇത്‌ സർവീസുകളെ ബാധിച്ചിട്ടില്ല. കോവിഡ്‌ പടർന്നുപിടിക്കാൻ തുടങ്ങിയതോടെ ബസ്സുകളിൽ ആളുകൾ പൊതുവെ കുറഞ്ഞിട്ടുണ്ട്‌. 12 മുതൽ 15 ലക്ഷം വരെയായിരുന്നു കോഴിക്കോട്‌ ഡിപ്പോയിലെ ദിവസ വരുമാനം. തിങ്കൾ ഇത്‌ 11.38 ലക്ഷമായി കുറഞ്ഞു. സീറ്റിലിരുത്തി മാത്രമുള്ള യാത്രയിലേക്ക്‌ മാറുന്നതോടെ വരുമാനം ഏഴ്‌–എട്ട്‌ ലക്ഷം വരെ താഴ്‌ന്നേക്കാം. കോവിഡ്‌ വ്യാപനം കാര്യമായി ബാധിച്ചത്‌ അന്തർസംസ്ഥാന സർവീസുകളെയാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിലെ നിയന്ത്രണവും കേരളത്തിൽ നിന്നെത്തുന്നവർക്ക്‌ ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയതുമെല്ലാം യാത്രക്കാരുടെ എണ്ണം കുറയുന്നതിന്‌ കാരണമായിട്ടുണ്ട്‌. നേരത്തെ 22 സർവീസുകളാണ്‌ കോഴിക്കോട്ടുനിന്ന്‌ മൈസൂരുവിലേക്കും ബംഗളൂരുവിലേക്കുമുണ്ടായിരുന്നത്‌. ഇപ്പോഴിത്‌ ശരാശരി പത്തായി ചുരുങ്ങി. Read on deshabhimani.com

Related News