പുതുമോടിയിൽ പെരുവണ്ണാമൂഴി



പേരാമ്പ്ര മലബാറിലെ പ്രധാന സഞ്ചാരി സൗഹൃദ കേന്ദ്രമായ പെരുവണ്ണാമൂഴി വികസന പാതയിൽ. പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ ഇവിടം വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കാൻ സംസ്ഥാന ടൂറിസം വകുപ്പ് 3.14 കോടി രൂപ ചെലവിൽ നടപ്പാക്കിയ പെരുവണ്ണാമൂഴി ഡാം ടൂറിസം വികസനപദ്ധതി പൂർത്തിയായി.  26ന് വൈകിട്ട് നാലിന്  മന്ത്രി പി എ മുഹമ്മദ് റിയാസ്‌ കേന്ദ്രം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേരുന്ന ചടങ്ങിൽ ടി പി രാമകൃഷ്ണൻഎംഎൽഎ അധ്യക്ഷനാകും. വിനോദ സഞ്ചാര വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുഖേന നടപ്പാക്കിയ പദ്ധതി പെരുവണ്ണാമൂഴിയിലെത്തുന്ന സഞ്ചാരികളുടെ മനം കവരും. കുട്ടികളുടെ പാർക്ക്, ഇന്റർ പ്രൊട്ടേഷൻ സെന്റർ, കാന്റീൻ, ഓപ്പൺ കഫ്റ്റീരിയ, ലാൻഡ്‌സ്കേപ്പിങ്, ടൈൽ പാകിയ നടപ്പാതകൾ, പൂന്തോട്ടം, ഗേറ്റ് നവീകരണം,  ഇലക്ട്രിഫിക്കേഷൻ, ടിക്കറ്റ് കൗണ്ടർ, വാഹന പാർക്കിങ് സൗകര്യം എന്നിവയാണ് പുതുതായി ഏർപ്പെടുത്തിയിട്ടുള്ളത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ചർ ഡെവലപ് കോർപറേഷനാണ് പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കിയത്. ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലായി 108 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന റിസർവോയറിൽ സോളാർ ബോട്ട് സർവീസ് ആരംഭിക്കും.   മലബാർ വന്യജീവി സങ്കേതത്തിന്റെ സിരാ കേന്ദ്രമാണിത്. ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രം,  കൃഷി വിജ്ഞാനകേന്ദ്രം, പ്ലാന്റേഷൻ കോർപറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റ്, കൂത്താളി ജില്ലാ കൃഷിഫാം, പെരുവണ്ണാമൂഴിയിലെയും ജാനകിക്കാടിലെയും ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, മുതല വളർത്തു കേന്ദ്രം, റിസർവോയറിലെ കൂട് മത്സ്യ കൃഷി, ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ആസ്ഥാനം തുടങ്ങി പെരുവണ്ണാമൂഴിയിലും സമീപത്തുമുള്ള നിരവധി കേന്ദ്രങ്ങളും സഞ്ചാരികളുടെ മനം കവരുന്നവയാണ്.   Read on deshabhimani.com

Related News