കെഎംസിടി പോളിടെക്നിക്കിൽ മുടങ്ങിയ പരീക്ഷ എസ്എഫ്ഐ സമരത്തെ തുടർന്ന് പുനരാരംഭിച്ചു



    മുക്കം കളൻതോട് കെഎംസിടി പോളിടെക്നിക് കോളേജിൽ രണ്ടാം സെമസ്റ്റർ യൂണിവേഴ്സിറ്റി പരീക്ഷ അധ്യാപകർ ബഹിഷ്‌ക്കരിച്ചതിനെ തുടർന്ന്  മുടങ്ങി. അധ്യാപകർക്ക് ശമ്പളം നൽകാത്ത മാനേജ്മെന്റ്‌ നടപടിയിൽ പ്രതിഷേധിച്ചാണ് അധ്യാപകർ പ്രതിഷേധമുയർത്തി പരീക്ഷാ ജോലികളിൽനിന്ന് വിട്ടുനിന്നത്. ഇതേ തുടർന്ന് കോളേജിലെത്തിയ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. പരീക്ഷ മുടങ്ങിയത് വിദ്യാർഥികളെ ആശങ്കയിലാക്കി.    പരീക്ഷ മുടങ്ങിയതറിഞ്ഞ് എസ്എഫ്ഐ തിരുവമ്പാടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. പരീക്ഷ നടത്താൻ ആവശ്യമായ സൗകര്യമൊരുക്കിക്കൊടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിച്ചു. എസ്എഫ്ഐ നേതാക്കളും  കോളേജ് അധികൃതരും  മുക്കം പൊലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കാമെന്ന് കോളേജ് അധികാരികൾ ഉറപ്പുനൽകി.  ശമ്പളപ്രശ്നം ചർച്ചചെയ്ത് തീരുമാനിക്കാം എന്ന ഉറപ്പിന്മേൽ അധ്യാപകരും പരീക്ഷാ ഡ്യൂട്ടിക്ക് തയ്യാറായി. ഇതോടെയാണ്‌ പരീക്ഷ പുനരാരംഭിച്ചത്‌. ചൊവ്വാഴ്ച പരീക്ഷ എഴുതാനാവാത്ത വിദ്യാർഥികളുടെ കാര്യത്തിൽ സർവകലാശാലയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമെന്ന് കോളേജ്‌ അധികൃതർ ഉറപ്പുനൽകി. സമരത്തിന് ഏരിയാ സെക്രട്ടറി ജോസഫ് വി സോജൻ, പ്രസിഡന്റ് മുഹമ്മദ് ഫാരിസ്, ദിൽഷാദ് പരപ്പിൽ, കെ ജെ സായൂജ്,  ആദർശ് പൊറ്റശ്ശേരി തുടങ്ങിയവർ നേതൃത്വംനൽകി. Read on deshabhimani.com

Related News