കേരോദയ വിപണന കേന്ദ്രം ഇന്ന് ആരംഭിക്കും



വടകര കക്കട്ടിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വടകര താലൂക്ക് പ്രൈമറി കോ- ഓപ്പറേറ്റീവ് മാർക്കറ്റിങ്‌ സൊസൈറ്റിയുടെ ‘കേരോദയ' വെളിച്ചെണ്ണയുടെ വടകരയിലെ വിപണന കേന്ദ്രം ബുധനാഴ്ച ആരംഭിക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മിനി സിവിൽ സ്റ്റേഷനിൽ രാവിലെ 10ന് അസി. രജിസ്ട്രാർ ടി സുധീഷ് വിൽപ്പന കേന്ദ്രം ഉദ്ഘാടനം ചെയ്യും. ടി സജിത്ത് കുമാർ അധ്യക്ഷനാവും. 1960 ൽ ആരംഭിച്ച സൊസൈറ്റി സംസ്ഥാന സർക്കാരിന്റെയും,  എൻസിഡിസി, ഐസിഡിപി എന്നീ ധനകാര്യ സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.  കിഴക്കൻ മലയോര മേഖലയിലെ നാളികേര കർഷകരിൽ നിന്നും പച്ചത്തേങ്ങ മാർക്കറ്റ് വിലയേക്കാൾ കൂടുതൽ നൽകി സംഭരിച്ചാണ് വെളിച്ചെണ്ണ ഉൽപ്പാദിപ്പിച്ച് വിതരണം നടത്തുന്നത്.  മുള്ളമ്പത്തെ സംസ്കരണ യൂണിറ്റിൽ വെച്ചാണ് കൊപ്രയാക്കി മാറ്റുന്നത്. പ്രതിദിനം 25000 നാളികേരം കൊപ്രയാക്കി മാറ്റാനുള്ള സംവിധാനം സംസ്കരണ യൂണിറ്റിനുണ്ട്. കക്കട്ടിലെ എക്സ്പെല്ലർ യൂണിറ്റിൽ വെച്ച് വെളിച്ചെണ്ണയാക്കി ‘കേരോദയ' എന്ന പേരിൽ കൺസ്യൂമർ ഫെഡ്, അങ്കണവാടി, പൊതുമാർക്കറ്റ് എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്നു.  കേരോദയ വെളിച്ചെണ്ണ പ്രകൃതിദത്തവും 100 ശതമാനം പരിശുദ്ധവും സർക്കാരിന്റെ ഫുഡ് ക്വാളിറ്റി മോണിറ്ററിങ്‌ ലബോറട്ടറിയിൽ ഗുണ നിലവാര പരിശോധന ഉറപ്പു വരുത്തിയുമാണ് വിതരണം ചെയ്യുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.  വാർത്താ സമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റ്‌ കെ നാരായണി, വൈസ് പ്രസിഡന്റ്‌ എൻ പി കണ്ണൻ, ഡയറക്ടർ വി പി കുഞ്ഞികൃഷ്ണൻ, സെക്രട്ടറി കെ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News