മരിച്ചവരുടെ ഉറ്റവൻ



  കോഴിക്കോട്‌ പത്തടിതാഴ്‌‌ചയുള്ള കുഴിയിലേക്ക്‌ മൃതദേഹം ഇറക്കിവച്ച്‌ കുഴിമൂടുമ്പോൾ  സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന്‌‌ ഒരു നിമിഷം ആഗ്രഹിച്ചു പോകും.  ആരുമില്ലെന്ന തിരിച്ചറിവിൽ,  മരിച്ചവരുടെ  മകനോ  സഹോദരനോ ആകാൻ എല്ലാവർക്കുമാകില്ലല്ലോ എന്നോർത്ത്‌ സ്വയം സമാധാനിക്കും.  മഹാമാരിവിതയ്‌ക്കുന്ന മരണഭയകാലത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ അന്ത്യനിദ്രയ്‌ക്ക്‌ അവസരമൊരുക്കിയാണ് വെസ്റ്റ്‌ഹിൽ കരിയാട്ട്‌ രഞ്ജിത്ത്‌ മാതൃകയാവുന്നത്‌‌.   ഒമ്പതുമാസത്തിനിടെ  കോവിഡ്‌ ബാധിച്ച്‌ മരിച്ച 300–-ലധികം  മൃതദേഹമാണ്‌ വിവിധ ആചാരപ്രകാരം ഈ 38കാരൻ സംസ്‌കരിച്ചത്‌.  ഇതിൽ കന്യാസ്‌ത്രീകളും മുസ്ലിം പണ്ഡിതരും സാധാരണക്കാരുമുണ്ട്‌.  വിശ്വാസിയല്ലാത്ത രഞ്ജിത്ത്  വായിച്ചും ചോദിച്ചറിഞ്ഞും മരണാനന്തര ചടങ്ങുകൾ പഠിച്ചു.  കോർപറേഷനിൽ പാലിയേറ്റീവ്‌ വാഹനങ്ങളുടെ ഡ്രൈവറായിരിക്കെ കോവിഡ്‌ ബാധിച്ചവരെ എഫ്‌എൽടിസിയിലേക്ക്‌ എത്തിക്കലായിരുന്നു ആദ്യം ജോലി.  പിന്നീട്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരെയും  സംസ്‌കരിക്കാൻ തുടങ്ങി.  "വീട്ടിൽ  പ്രായമായ അച്ഛനമ്മമാരുള്ളതിനാൽ ഈ ജോലി ആരംഭിച്ചശേഷം വീട്ടിലേക്ക്‌ പോകാറില്ല.  എന്നിലൂടെ ആർക്കും രോഗം പകരരുതെന്നാണ്‌‌ ആഗ്രഹം‌. ആനക്കുളം സാംസ്‌കാരിക നിലയത്തിലെ ഒറ്റ മുറിയിലാണ്‌ താമസം.  എല്ലാവർക്കും കോവിഡ്‌ പ്രതിരോധ വാക്‌സിൻ നൽകുന്നതോടെ മരണഭയത്തിന് അറുതിയാവുമെന്നാണ്‌ പ്രതീക്ഷ'യെന്ന്‌ ‌ രഞ്ജിത്ത് പറഞ്ഞു.     നിപാ കാലത്തും പ്രളയത്തിലും  രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.  ഭാര്യ ജിൻഷയ്‌ക്കും മക്കളായ ശ്രീലക്ഷ്മിക്കും ശ്രീനന്ദനയ്‌ക്കും രഞ്‌ജിത്തിന്റെ  പ്രവർത്തനത്തിൽ അഭിമാനമാണ്‌.   പാലിയേറ്റീവ് ഡ്രൈവേഴ്സ്‌ ലൈറ്റ് മോർട്ടോഴ്‌സ്‌ യൂണിയൻ (സിഐടിയു) ജില്ലാ ജോ. സെക്രട്ടറി, ഡിവൈഎഫ്‌ഐ കോഴിക്കോട് നോർത്ത് ബ്ലോക്ക്‌‌ കമ്മിറ്റി അംഗം, സിപിഐ എം അത്താണി ഈസ്‌റ്റ്‌ ബ്രാഞ്ച്‌ അംഗവുമാണ് രഞ്ജിത്ത്. ‌   Read on deshabhimani.com

Related News