ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് ഡിസംബറിൽ

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് നടത്താനുദ്ദേശിക്കുന്ന ചാലിയാർ കടലിൽ ചേരുന്ന ബേപ്പൂർ പുലിമുട്ട് തീരം


ഫറോക്ക് വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി ചാലിയാർ കേന്ദ്രീകരിച്ച്‌ ഒരു മാസത്തെ "ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്' സംഘടിപ്പിക്കും. സംസ്ഥാന വിനോദസഞ്ചാര വകുപ്പിനൊപ്പം വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകേന്ദ്രവും യോജിച്ചാകും അന്താരാഷ്ട്ര ജലമേള സംഘടിപ്പിക്കുകയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഡിസംബറിൽ നടത്താനുള്ള നടപടി അതിവേഗം പൂർത്തിയാക്കും. കരട്‌ രേഖ പദ്ധതി പ്രഖ്യാപന യോഗത്തിൽ അവതരിപ്പിച്ചു. 30നകം മാസ്റ്റർ പ്ലാൻ തയാറാക്കും. ഒക്ടോബർ ആദ്യവാരം സംഘാടകസമിതിയാവും.  ചാലിയാർ കേന്ദ്രീകരിച്ച് ബേപ്പൂർ പുലിമുട്ട് ടൂറിസ്റ്റ് കേന്ദ്രം മുതൽ 10 കിലോമീറ്ററോളം ദൈർഘ്യത്തിലാണ് ജലമേളയും അനുബന്ധ കായികവിനോദ പരിപാടികളും സംഘടിപ്പിക്കുക. പരമ്പരാഗത വള്ളംകളി മത്സരങ്ങൾക്കൊപ്പം പാശ്ചാത്യ രാജ്യങ്ങളിലെ ജല കായികവിനോദങ്ങളും കൂട്ടിയിണക്കിയായിരിക്കും ജലോത്സവം. കയാക്കിങ്, കനോയിങ്, വാട്ടർ പോളോ, പാരാ സെയിലിങ്, സ്പീഡ് ബോട്ട് റെയ്സ്, വാട്ടർ സ്കീയിങ്, പവർ ബോട്ട് റെയ്സിങ്, യാട്ട് റെയ്സിങ് തുടങ്ങിയ ദേശീയ-–-അന്തർദേശീയ മത്സര ഇനങ്ങളും ഒളിമ്പിക്സ് മത്സരയിനങ്ങളും പരിഗണനയിലുണ്ട്.  ഫ്ലോട്ടിങ് സംഗീത പരിപാടികൾ, ലൈറ്റ് ഷോകൾ, മത്സ്യത്തൊഴിലാളി യാനങ്ങളുടെ ഘോഷയാത്രകൾ, ഭക്ഷ്യമേള എന്നിവയുമുണ്ടാകും.  പദ്ധതി പ്രഖ്യാപന യോഗത്തിൽ കലക്ടർ എൻ തേജ് ലോഹിത് റെഡ്ഡി, സബ് കലക്ടർ ചെൽസ സിനി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സജിത പൂക്കാടൻ, ഫറോക്ക് നഗരസഭാധ്യക്ഷൻ എൻ സി അബ്ദുൽ റസാഖ്, പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി അച്യുതവാര്യർ, എം ഗിരീഷ്, പി കെ പ്രമോദ്, ക്യാപ്റ്റൻ കെ കെ ഹരിദാസ്, ഇറിഗേഷൻ എക്സി. എൻജിനിയർ ഷാലു, ഡിടിപിസി സെക്രട്ടറി സി പി ബീന തുടങ്ങിയവർ സംസാരിച്ചു. ടി ജയദീപ് കരട്‌ രേഖ അവതരിപ്പിച്ചു. Read on deshabhimani.com

Related News