ദേശീയപാത വികസനം: യാത്രക്കാർ ദുരിതത്തിൽ



വടകര ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതുപ്പണം മേഖലയിൽ യാത്രക്കാർ ദുരിതത്തിൽ. ആറുവരിയായി പാത വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തി പുരോഗമിക്കവെ ദേശീയപാതയിൽ നിരന്തരമുണ്ടാകുന്ന ഗതാഗതക്കുരുക്കാണ് ദീർഘദൂര യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ദുരിതമാവുന്നത്.   ദീർഘദൂര വാഹനങ്ങളും ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യ സർവീസുകളും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലാവുകയാണ്‌.  വാഹനങ്ങളുടെ നീണ്ട നിര വടകര ടൗണിനു സമീപം വരെ എത്തി. നിലവിൽ മൂരാട് പാലം മുതൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് പരിസരത്തുവരെയാണ് റോഡ് പ്രവൃത്തി. വാഹനങ്ങൾക്ക് കടന്നുപോകാൻ ബദൽ റോഡില്ലാത്തതാണ് കുരുക്കിന് കാരണം.  ബദൽ യാത്രാ സൗകര്യം ഒരുക്കാത്ത അധികൃതരുടെ നിലപാടിലും പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിലും പ്രദേശവാസികൾക്ക് പ്രതിഷേധവുമുണ്ട്.   പാലോളിപ്പാലത്ത് പാലം പണി നടക്കുമ്പോൾ തന്നെ മറു ഭാഗത്ത്‌ സർവീസ് റോഡിന്റെ ഡ്രെയിനേജ് നിർമാണവും നടക്കുന്നുണ്ട്‌.  ഏകദേശം രണ്ടര കിലോമീറ്റർ ദൂരം ഇരുഭാഗത്തേക്കും വാഹനങ്ങൾക്ക് പോകേണ്ടത് പ്രവൃത്തി നടക്കുന്നതിന്റെ   മധ്യഭാഗത്തുകൂടിയാണ്.  റോഡ് പ്രവൃത്തിക്കായി നിലവിലുള്ള റോഡ് മുറിച്ചത് കൃത്യമായി പാച്ച് വർക്ക് ചെയ്യാത്തതിനാൽ  വാഹനങ്ങൾ കുഴിയിൽ വീഴുന്നതും പതിവായിട്ടുണ്ട്. പലർക്കും നിശ്ചിത സമയത്തിനുള്ളിൽ എത്തേണ്ടിടത്ത്‌ എത്താൻ സാധിക്കാതെയും വരുന്നു. റോഡിനരികിൽ മണ്ണിടിയുന്നതും പതിവായിട്ടുണ്ട്. സേഫ്റ്റി ഓഫീസർ പോലും ഇല്ലാതെയാണ് പണി നടക്കുന്നത്.  ഗതാഗത തടസ്സമുണ്ടാകുമ്പോൾ കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് വഴിയാണ് ദീർഘദൂര വാഹനങ്ങൾ പോയിരുന്നത്. ഈ റോഡിന്റെ  ശോചനീയാവസ്ഥയും ഗതാഗതത്തിന് പ്രയാസം ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മണിയൂർ റോഡിലെ പുതുപ്പണം റോഡിൽ ദീർഘദൂര ബസ്‌ തകരാറിലാവുകയും ആളുകൾ  പെരുവഴിയിലാവുകയും ചെയ്‌തു.   ഡിവൈഎഫ്ഐ പതിയാരക്കര മേഖലാ കമ്മിറ്റിയുടെ സ്നേഹവണ്ടിയിൽ ഇവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു. Read on deshabhimani.com

Related News