രോഗബാധ കൂടുതൽ യുവാക്കളിൽ



‌കോഴിക്കോട‌് പൊതുഇടങ്ങളിൽ വേണ്ടത്ര ജാഗ്രതയില്ലാതെ ഇടപെടുന്നതുവഴി കോവിഡ‌് രോഗബാധ കൂടുതലും യുവാക്കളിൽ. രോഗബാധിതരിൽ 50 ശതമാനത്തിലേറെയും യുവാക്കളാണെന്ന‌്  കണക്കുകൾ വ്യക്തമാക്കുന്നു. തൊഴിൽപരമായും മറ്റ‌് രീതിയിലും കൂടുതൽ ആളുകളുമായി ഇടപെടുന്നതാണ‌് ഈ വിഭാഗത്തിനിടയിൽ രോഗവ്യാപനം കൂടാൻ കാരണം. ഏകദേശം 25നും 40 നും ഇടയിൽ പ്രായമുള്ളവരിലാണ്‌ കൂടുതലും രോഗം.   സാമൂഹിക അകലവും മറ്റ‌് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നതിലുള്ള ജാഗ്രതക്കുറവാണ‌് പ്രധാന കാരണം. സമീപ ദിവസങ്ങളിൽ കോവിഡ‌് കരുതൽ കാറ്റിൽ പറത്തി ചില യുവജന സംഘടനകൾ കൂട്ടമായി നടത്തിയ സമരങ്ങളൊക്കെ രോഗവ്യാപന ഭീതി ഉയർത്തുന്നതാണ‌്.  ശാരീരികമായ പ്രത്യേകത കൊണ്ടല്ല, രോഗ സാധ്യതയുള്ള ഇടങ്ങളിൽ കൂടുതൽ ഇടപഴകുന്നത‌് വഴിയാണ‌് യുവാക്കളിൽ താരതമ്യേന രോഗവ്യാപനം കൂടുന്നതെന്ന‌് കോവിഡ‌് വിദഗ‌്ധ സമിതി അംഗം ഡോ. കെ പി അരവിന്ദൻ പറയുന്നു. അതേസമയം ഈ  പ്രവണത മരണനിരക്ക‌് കുറയ‌്ക്കാൻ സഹായിക്കും. പ്രായമായവരേക്കാൾ അതിജീവനം സാധ്യമാണെന്നതിനാലാണിത്‌. ആവശ്യത്തിനും അല്ലാതെയും പുറത്തിറങ്ങുന്നവരാണ‌് യുവാക്കൾ. സ്വാഭാവികമായും ഉണ്ടാകുന്ന രോഗവർധനയാണ‌് ഈ വിഭാഗത്തിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  അതേസമയം രോഗപ്പകർച്ച തടയാനുള്ള മാർഗങ്ങളെ നിസ്സാരവൽക്കരിക്കുന്ന സമീപനം യുവാക്കളിൽ കോവിഡിനെ  വേഗത്തിലെത്തിക്കുന്നതായി കോഴിക്കോട‌് ഗവ. മെഡിക്കൽ കോളേജ‌് പകർച്ചവ്യാധി  വിഭാഗം അഡീ. പ്രൊഫ. ഷീല മാത്യു പറഞ്ഞു. പ്രായത്തിന്റേതായ ആവേശത്തിൽ ജാഗ്രതക്കുറവോടെ ആൾക്കൂട്ടങ്ങളുടെ ഭാഗമായി നിൽക്കുന്നവരാണ‌് അധികവും. ഈ രോഗകാലത്ത‌് ഒരു കരുതലുമില്ലാതെ പ്രവർത്തിക്കുന്ന യുവജന സംഘടനകളെയും കാണുന്നു. ഈ ശ്രദ്ധക്കുറവ‌് മാത്രമാണ‌് രോഗവ്യാപനത്തിന‌് കാരണമെന്നും അവർ കൂട്ടിച്ചേർത്തു. Read on deshabhimani.com

Related News