യുവാവിന്റെ മരണം: ഇടിച്ച കാർ 
കണ്ടെത്തി; ഉടമ അറസ്‌റ്റിൽ

അപകടത്തിനിടയാക്കിയ കാർ


പേരാമ്പ്ര     യുവാവിന്റെ മരണത്തിനിടയാക്കിയ കാറും ഓടിച്ച ഉടമയും മേപ്പയൂർ പൊലീസിന്റെ മികവിൽ പ്രത്യേകാന്വേഷണസംഘത്തിന്റെ വലയിലായി. കായണ്ണ കുറുപ്പൻ വീട്ടിൽ പ്രബീഷി (42)നെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇയാളുടെ കാറിടിച്ച്‌ മെയ് 21 ന് രാത്രി ഒമ്പതിനാണ് ബൈക്കിൽ സഞ്ചരിച്ച മേപ്പയൂർ കീഴ്പ്പയൂരിലെ ഒതയോത്ത് നിവേദി(22)ന്‌ പരിക്കേൽക്കുന്നത്‌. എരവട്ടൂർ ചേനായി റോഡിനടുത്തുണ്ടായ അപകടത്തിൽ മൂന്നുദിവസം കഴിഞ്ഞ് യുവാവ്‌ മരിച്ചു. നിർധന കുടുംബത്തിന്റെ പ്രതീക്ഷയാണ്‌ ഇതോടെ അസ്‌തമിച്ചത്‌. സംഭവത്തിൽ പേരാമ്പ്ര പൊലീസ്‌ കേസെടുത്തെങ്കിലും അന്വേഷണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. നിർത്താതെപോയ കാർ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ദൃക്സാക്ഷികളില്ലെന്നും പൊലീസ്‌ അറിയിച്ചു. ടി പി രാമകൃഷ്‌ണൻ എംഎൽഎ ഇടപെട്ടതോടെയാണ്‌ അന്വേഷണം മേപ്പയൂർ എസ്എച്ച്ഒ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള  സംഘത്തിന് കൈമാറിയത്‌.  തുടർന്ന്‌ നൂറിലേറെ കാറുകളും സമീപ പ്രദേശങ്ങളിലെ സിസിടിവികളും  പരിശോധിച്ചു.  അപകട സമയത്ത് ഇതുവഴി സഞ്ചരിച്ച കുറ്റ്യാടി വടയം സ്വദേശിനി നൽകിയ മൊഴിയാണ്  വഴിത്തിരിവായത്. ഇവർ നൽകിയ വിവരമനുസരിച്ച്‌ കാറുടമയെ കണ്ടെത്താനായി.  ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. വാഹനത്തിന്റെ  ഇൻഷുറൻസ്‌ കാലാവധി അവസാനിച്ചതിനാലാണ് നിർത്താതെപോയതെന്നാണ്‌ മൊഴി.  മേപ്പയൂർ സിഐ കെ ഉണ്ണികൃഷ്ണൻ, എസ്ഐമാരായ എൻ കെ ബാബു, സതീശൻ വായോത്ത്, സിപിഒമാരായ കെ ഇ രഞ്ജിത്ത്, വി അനുജിത്ത്, രജീഷ് എന്നിവരാണ് കേസിന് തുമ്പുണ്ടാക്കിയത്. പ്രതിയെ ജാമ്യത്തിൽ വിട്ടു. Read on deshabhimani.com

Related News