ക്ലോക്കുകൾ കഥപറയുന്ന വീട്‌

ശിവദാസൻ ക്ലോക്കുകളുടെ അറ്റകുറ്റപ്പണിയിൽ


കോഴിക്കോട്‌  പുരാതനമായ പെൻഡുലങ്ങളുടെയും സമയസൂചികയുടെയും പതിഞ്ഞ താളവും  മണിയൊച്ചകളുമാണ്‌ ഘടികാരങ്ങളുടെ വീടിന്‌ സംഗീതമാകുന്നത്‌. ‘കൈകൊട്ടയിൽ’ വീട്ടിലെ ചുവരുകളിൽ പല തലമുറകളിലെ  ക്ലോക്കുകളുണ്ട്‌. ഘടികാരങ്ങളെ അഴിച്ചും പണിതും രൂപമാറ്റം വരുത്തിയും  ശിവദാസനെന്ന ക്ലോക്കുകളുടെ ഡോക്ടറുമുണ്ട്‌.  പുതുതലമുറ സ്‌മാർട്ട്‌ വാച്ചിനൊപ്പം സഞ്ചരിക്കുമ്പോഴും ശിവദാസന്‌ പഴയകാല ഘടികാരങ്ങളുടെ എൻജിനിയറിങ്ങിനോടാണ്‌  പ്രിയം. ജപ്പാനിൽനിന്നും ഇംഗ്ലണ്ടിൽനിന്നും അമേരിക്കയിൽനിന്നുമൊക്കെ എത്തിയ ക്ലോക്കുകളുടെ മിടിപ്പും താളവും മനപ്പാഠം.  ക്ലോക്കുകളുടെ അറ്റകുറ്റപ്പണിക്കായി വിദൂരങ്ങളിൽ നിന്നുപോലും ആളുകൾ ചേവരമ്പലത്തെത്തുന്നു.  പഴയതിനോടുള്ള പ്രിയമാണ്‌ ശിവദാസനെ വാച്ച്‌ റിപ്പയറാക്കിയത്‌.  കോഴിക്കോട്‌ വസന്ത വാച്ച്‌ വർക്‌സിൽ ഉൾപ്പെടെ തൊഴിലാളിയായിരുന്ന ശിവദാസൻ മോഹവിലകൊടുത്ത്‌ സ്വന്തമാക്കിയ നൂറോളം പഴയ ക്ലോക്കുകളും ഗ്രാമഫോണും  ക്യാമറകളും മുതൽ പലതുമുണ്ട്‌ വീട്ടിലെ ശേഖരത്തിൽ.  രൂപമാറ്റം വരുത്തിയാണ്‌ പൈതൃകശേഖരത്തിലേക്ക്‌ ചേർക്കുന്നത്‌. 38 വർഷമായി ചേവരമ്പലത്ത്‌ വീടിനരികിലായി ഷിലി വാച്ച്‌ വർക്‌സ്‌ നടത്തുകയാണ്‌ ഇദ്ദേഹം.  എതിർ ഘടികാരദിശയിൽ തിരിയുന്ന ക്ലോക്കും ഒന്നരയാൾ പൊക്കമുള്ള ഗ്രാൻഡ്‌ ഫാദർ ക്ലോക്കും മലയാളം അക്കങ്ങളുള്ളതും ശേഖരത്തിലുണ്ട്‌.   ‘‘സംസാരശേഷിയുണ്ടായിരുന്നുവെങ്കിൽ ഇവ‌ക്ക്‌  എന്തെല്ലാം കഥകൾ പറയാനുണ്ടായിരിക്കും. ആ കഥകൾ ഞാൻ ഇവയിൽനിന്ന്‌ കേൾക്കുന്നു’’–- ശിവദാസൻ പറയുന്നു. Read on deshabhimani.com

Related News