ആൾക്കൂട്ടം വേണ്ട

നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ പൊലീസ് ആളുകളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെടുന്നു


സ്വന്തം ലേഖിക കോഴിക്കോട്‌  കോവഡ്‌ വ്യാപനം കൂടുന്നതിനാൽ  ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ. പൊതുപരിപാടികൾക്കുൾപ്പെടെ നിരോധനമുണ്ട്‌.  സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ചേർന്നു. കോവിഡ് നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ കലക്ടർ ഡോ. എൻ തേജ്‌ ലോഹിത്‌ റെഡ്ഡിയുടെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേർന്നത്‌.  എല്ലാ സർക്കാർ–-അർധ സർക്കാർ, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളും ഓൺലൈൻ ആയി മാത്രമേ യോഗങ്ങളും പരിപാടികളും ചടങ്ങുകളും നടത്താവൂ.  ഹോട്ടലുകളിലും മാളുകളിലുമുള്ള പൊതുജനങ്ങളുടെ കൂടിച്ചേരൽ നിയന്ത്രിക്കുന്നതിന്  നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവികളെ ചുമതലപ്പെടുത്തി.      ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും സീറ്റിങ്‌ കപ്പാസിറ്റിയുടെ 50 ശതമാനത്തിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കരുത്‌. ടിപിആർ 30ൽ കൂടുതലുള്ള ജില്ലകളിൽ ഏർപ്പെടുത്തുന്ന  നിയന്ത്രണങ്ങൾ കോഴിക്കോടും ബാധകമായിരിക്കുമെന്ന്‌ കലക്ടർ അറിയിച്ചു.   നിർദേശങ്ങൾ  ● മാസ്‌ക്‌, സാനിറ്റൈസർ, സാമൂഹിക അകലം പാലിക്കുക  ● പനി–- ജലദോഷം–- ചുമ ലക്ഷണങ്ങളുണ്ടെങ്കിൽ നിർബന്ധമായും പരിശോധിക്കുക. സ്വയം ക്വാറന്റൈനിൽ പോകുക ● വാക്‌സിൻ എല്ലാവരും എടുക്കുക 15നും 18നും ഇടയിലുള്ള കുട്ടികൾ ഒന്നാം ഡോസ്‌ എടുക്കണം ● പൊതുസ്ഥലങ്ങളിൽ ആളുകൾ കൂടുന്നത്‌ ഒഴിവാക്കും  ● സർക്കാർ–- അർധസർക്കാർ–- സ്വകാര്യ പൊതു പരിപാടികൾ  ഒഴിവാക്കണം  ● കോവിഡ്‌ ലംഘനങ്ങൾ പരിശോധിക്കാൻ   കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കും    ക്ലസ്‌റ്ററുകൾ രൂപപ്പെട്ടാൽ അടച്ചിടണം വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ കോവിഡ്‌ ക്ലസ്‌റ്ററുകൾ രൂപപ്പെട്ടാൽ പ്രവർത്തനം നിർത്തിവെയ്ക്കണം. ഒരാഴ്‌ചയ്‌ക്ക്‌ ശേഷം മെഡിക്കൽ ഓഫീസറുടെ അനുമതിയോടെ തുറക്കാം. സ്‌കൂളുകളിൽ ക്ലസ്‌റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്കാണ്‌ അടച്ചിടേണ്ടത്‌.   ബീച്ചിൽ നിയന്ത്രണം കോഴിക്കോട്‌ ബീച്ചിൽ ആളുകൾ കൂടുന്നത്‌ ഒഴിവാക്കും.  പൊലീസിന്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച വൈകിട്ട്‌ ബാരിക്കേഡുകൾ സ്ഥാപിച്ചു.  സമയ ക്രമീകരണവും ഏർപ്പെടുത്തും.   ബസ്സുകളിൽ നിന്നുള്ള 
യാത്ര അനുവദിക്കില്ല ബസ്സുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതങ്ങളിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കില്ല. ബസ്സുകളിൽ നിന്നുള്ള യാത്രകളും ഒഴിവാക്കണം. വാഹനങ്ങളിലെ നിയമലംഘനം പരിശോധിക്കാൻ മോട്ടോർവാഹന വകുപ്പിനെ കലക്ടർ ചുമതലപ്പെടുത്തി.  സ്‌കൂളുകളിൽ വാക്‌സിനേഷൻ: ഒരുക്കം പൂർത്തിയായി ജില്ലയിൽ കൗമാരക്കാർക്ക് സ്‌കൂളുകളിൽ ഒരുക്കുന്ന വാക്‌സിനേഷൻ ക്യാമ്പിനുള്ള  ഒരുക്കം പൂർത്തിയായതായി കലക്ടർ അറിയിച്ചു. 21, 22, 23 തീയതികളിലാണ്‌ സ്‌കൂളുകളിൽ വാക്‌സിനേഷൻ നൽകുന്നത്‌.   വാക്‌സിൻ എടുക്കേണ്ടവരുടെ പട്ടിക സ്‌കൂൾ അധികൃതർ തയ്യാറാക്കി വിദ്യാർഥികളെ അറിയിക്കും. മെഡിക്കൽ ഓഫീസർ, വാക്‌സിനേറ്റർ, സ്‌റ്റാഫ്‌ നഴ്‌സ്‌, സ്‌കൂൾ നൽകുന്ന ജീവനക്കാർ എന്നിവരായിരിക്കും വാക്സിനേഷൻ സംഘത്തിലുണ്ടാകുക.   2043രോഗി കോഴിക്കോട്‌ ജില്ലയിൽ പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണം 2000 കവിഞ്ഞു. തിങ്കളാഴ്‌ച 2043  പേർക്കാണ്‌ രോഗം. സമ്പർക്കം വഴി 1990 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 22 പേർക്കും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 26 പേർക്കും അഞ്ച്‌ ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം. 6355 പേരെയാണ്‌ പരിശോധിച്ചത്‌.       ചികിത്സയിലായിരുന്ന 513 പേർകൂടി രോഗമുക്തി നേടി. 32.67 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 12,022 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1584 പേർ ഉൾപ്പെടെ 23,887 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്.  4580 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.    സർക്കാർ ആശുപത്രികളിൽ 125 പേരും സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ  - 37 പേരും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ മൂന്നും സ്വകാര്യ ആശുപത്രികളിൽ  - 252 പേരുമാണ്‌ ചികിത്സയിലുള്ളത്‌. വീടുകളിൽ 9561 പേരാണുള്ളത്‌.    Read on deshabhimani.com

Related News