വരൂ വായിച്ച്‌ വളരാം അക്ഷരവസന്തവുമായി പുസ്‌തകോത്സവമെത്തി



     കോഴിക്കോട്‌ മഹാമാരി കാലത്തിന്റെ അതിജീവനത്തിന്‌ അക്ഷര വസന്തവുമായി ‘പുസ്‌തകോത്സവ’മെത്തി. വായനയിൽ വിപ്ലവം തീർത്ത പഴയ പുസ്‌തകങ്ങൾ മുതൽ കോവിഡ്‌ കാലത്തിന്റെ കഥപറയുന്ന പുതിയ പുസ്‌തകങ്ങൾവരെ ഇടംപിടിച്ച അറിവിന്റെയും അനുഭവങ്ങളുടെയും അക്ഷരപ്പുര. ഇ എം എസ്‌ സ്‌റ്റേഡിയം ഗ്രൗണ്ടിന്‌ പിന്നിൽ യു എ ഖാദർ നഗറിലാണ്‌ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്‌തകോത്സവത്തിന്‌ അരങ്ങുണർന്നത്‌.  90 സ്‌റ്റാളുകളിലായി 57 പ്രസാധകരുടെ ഒരു ലക്ഷത്തിലേറെ പുസ്‌തകങ്ങളാണ്‌ വായനക്കാരെ കാത്തിരിക്കുന്നത്‌. മലയാളത്തിലെയും ഇതര ഭാഷകളിലെയും പ്രധാന രചനകളുടെ പുതിയ പതിപ്പുകൾക്കൊപ്പം പുതിയ എഴുത്തുകാരുടെ സൃഷ്‌ടികളും വായനാനുഭവങ്ങൾക്ക്‌ നിറം നൽകും. ജില്ലയിലെ 541 ഗ്രന്ഥശാലകൾക്കും സ്‌കൂൾ–-കോളേജ്‌ ലൈബ്രറികൾക്കുമെല്ലാം ആകർഷകമായ വിലക്കുറവിൽ പുസ്‌തകം വാങ്ങിക്കാം. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ മേള. സ്‌റ്റാളുകളിൽ പരമാവധി മൂന്ന്‌ ജീവനക്കാരെ മാത്രമാണ്‌ അനുവദിക്കുന്നത്‌.  മേയർ ഡോ. ബീന ഫിലിപ്പ്‌ പുസ്‌തകമേള ഉദ്‌ഘാടനംചെയ്‌തു. എൻ ശങ്കരൻ അധ്യക്ഷനായി. എം ജഷീനയുടെ  ‘നിപാ: സാക്ഷികൾ, സാക്ഷ്യങ്ങൾ’, എ വി ഫർദിസിന്റെ ‘ആരാണ്‌ കള്ളം പറയുന്നത്‌’ (രണ്ടും പേരക്ക ബുക്‌‌സ്‌), നദീം നൗഷാദ്‌ എഴുതിയ ‘മെഹ്‌ഫിലുകളുടെ നഗരം: കോഴിക്കോടിന്റെ ജനകീയ സംഗീതം’ (സമത ബുക്‌‌സ്‌), ലക്ഷ്‌മിശ്രീ രചിച്ച ‘അൽക്ക’ (ധ്വനി ബുക്‌‌സ്‌) എന്നീ പുസ്‌തകങ്ങളുടെ പ്രകാശനം മേയർ നിർവഹിച്ചു.  മനയത്ത്‌ ചന്ദ്രൻ, കെ ചന്ദ്രൻ, സി കുഞ്ഞമ്മദ്‌, സി സി ആൻഡ്രൂസ്‌, എ ഗംഗാധരൻ നായർ എന്നിവർ സംസാരിച്ചു.  ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ സ്വാഗതവും അഡ്വ. പി എൻ ഉദയഭാനു നന്ദിയും പറഞ്ഞു. രാവിലെ എട്ട്‌ മുതൽ രാത്രി എട്ട്‌ വരെയുള്ള മേള 21ന്‌ സമാപിക്കും. Read on deshabhimani.com

Related News