ടൂറിസം വികസനത്തിന് വഴികാട്ടി പുല്ലിപ്പുഴയും തീരവും

പെരുമുഖം -കല്ലമ്പാറ റോഡിൽനിന്നുള്ള‌ പുല്ലിപ്പുഴയുടെ ദൃശ്യം


ഫറോക്ക് ടൂറിസം വികസന രംഗത്ത് അനന്ത സാധ്യതകളുമായി ഫറോക്ക് നഗരസഭയോടു ചേർന്നുള്ള പുല്ലിപ്പുഴയും തീരവും. പ്രകൃതിരമണീയമായ കാഴ്ചകൾക്കപ്പുറം പുതിയ കാലത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുന്നതിനുള്ള എല്ലാ ചേരുവകളുമുണ്ടിവിടെ. ഫറോക്ക് നഗരസഭയുടെ തെക്കു-കിഴക്കൻ അതിർത്തിയിൽ പെരുമുഖം മേഖലയിലൂടെയാണ് പുഴ കടന്നുപോകുന്നത്.  പുഴയ്ക്കു കുറുകെയുള്ള പുല്ലിക്കടവ് പാലം മലപ്പുറം ജില്ലയെ കോർത്തിണക്കുന്നതിനാൽ എല്ലാ പ്രദേശങ്ങളിൽനിന്നും എളുപ്പത്തിൽ ഇവിടെയെത്താനാകും. കാര്യമായ ഒഴുക്കില്ലാത്തതിനാൽ വിനോദ നൗകകൾ ഏർപ്പെടുത്തിയാൽ സഞ്ചാരികളേറെയെത്തും.  കണ്ടലുകൾ ഉൾപ്പെടുന്ന പ്രത്യേക ആവാസവ്യവസ്ഥയ്ക്കൊപ്പം അത്യുഷ്ണകാലത്തും നല്ല കുളിർമയുള്ളതാണ് പുഴയിലൂടെയുള്ള യാത്ര. കരിമീനും ചെമ്പല്ലിയും ചെമ്മീനും ഞണ്ടുമടക്കം മികച്ച മത്സ്യസമ്പത്തും പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഈ പുഴയുടെയും നാടിന്റെയും സവിശേഷതയാണ്. കയർ വ്യവസായത്തിലും കീർത്തികേട്ട പെരുമുഖത്തിന് പുതുമുഖം നൽകാൻ ടൂറിസം പദ്ധതിയിലൂടെ സാധ്യമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. Read on deshabhimani.com

Related News