ബീച്ച്‌ റോഡിലെ വിളക്കുകാൽ പരിപാലനം കരാർ തടയാനുള്ള പ്രതിപക്ഷനീക്കം പാളി



കോഴിക്കോട്‌  ബീച്ച്‌ റോഡ്‌ സൗന്ദര്യവത്‌കരണത്തിന്‌ സ്ഥാപിച്ച വിളക്കുകാലുകൾ പരിപാലിക്കുന്നതിനുള്ള കരാർ നീട്ടുന്നത്‌ തടയാനുള്ള പ്രതിപക്ഷ നീക്കം കോർപറേഷൻ കൗൺസിൽ തള്ളി. വിളക്കുകാൽ സ്ഥാപിച്ച്‌ പരിപാലിക്കുന്നതിന്റെ കരാർ നാല്‌ വർഷത്തേക്കുകൂടി നീട്ടാൻ‌ കൗൺസിൽ തീരുമാനിച്ചു. 22 നെതിരെ 44 വോട്ടുകൾക്കാണ്‌ കരാർ പാസാക്കിയത്‌. ഓപ്പൺ സ്‌റ്റേജ്‌ മുതൽ ബീച്ച്‌ ഹോട്ടൽ വരെയാണ്‌ വിളക്കുകാൽ സ്ഥാപിച്ചത്‌.ഇതിനെതിരെ പ്രതിപക്ഷ കൗൺസിലർ അഡ്വ. പി എം നിയാസാണ്‌ രംഗത്ത്‌ വന്നത്‌. കമ്പനി സ്ഥാപിച്ച പരസ്യബോർഡുകൾ കൂടുതലാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സ്ഥാപിച്ച വിളക്കുകാലുകൾവഴി നല്ല വെളിച്ചം ലഭിക്കുന്നുണ്ടെന്ന്‌ ഡെപ്യൂട്ടി മേയർ മീരാദർശക്‌ വ്യക്തമാക്കി. നഗരപരിധിയിലെ ബസ്‌ ഷെൽട്ടറുകൾ പരിപാലിക്കാനും പരസ്യം സ്ഥാപിക്കാനുള്ള കരാർ 10 വർഷത്തേക്ക്‌ നൽകാനുള്ള തീരുമാനത്തിനെതിരെയും പ്രതിപക്ഷാംഗങ്ങൾ രംഗത്തുവന്നു. തറവാടകയും പരസ്യ ലൈസൻസ്‌ ഫീസും ഓരോ വർഷവും 10 ശതമാനം വർധിപ്പിക്കുന്നുണ്ടെന്ന്‌ ഡെപ്യൂട്ടി മേയർ പറഞ്ഞു.  വിവിധ അജൻഡകൾ അവതരിക്കുമ്പോഴെല്ലാം കൗൺസിൽ അലങ്കോലമാക്കാനായിരുന്നു പ്രതിപക്ഷ ശ്രമം. തെരുവുവിളക്കുകൾ എൽഇഡിയിലേക്ക്‌ മാറ്റുന്ന പദ്ധതി സംബന്ധിച്ചും ബഹളമുണ്ടായി. തെരുവു വിളക്കുകൾ എൽഇഡിയിലേക്ക്‌ മാറ്റുന്ന പദ്ധതി 14 വാർഡുകളിൽ മാത്രമേ തുടങ്ങാൻ ബാക്കിയുള്ളുവെന്ന്‌ പൊതുമരാമത്ത്‌ സ്ഥിരം സമിതി ചെയർപേഴ്‌സൺ ടി വി ലളിതപ്രഭ പറഞ്ഞു. 39,600 വിളക്കുകളാണ്‌ എൽഇഡിയിലേക്ക്‌ മാറ്റുന്നത്‌. അതിൽ 33,000 ഓളം വിളക്കുകൾ മാറ്റി.  ബാക്കിയുള്ളവ 10 ദിവസത്തിനകം മാറ്റാനാവുമെന്നും ചെയർപേഴ്‌സൺ വ്യക്തമാക്കി.  ലൈഫ് പദ്ധതിൽ 140 പേർക്ക്‌  നിർമിക്കുന്ന ഫ്ലാറ്റിന്റെ തറക്കല്ലിടൽ ഉടൻ ഉണ്ടാകുമെന്ന്‌ മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.  2019--- -20 പ്ലാൻ ഫണ്ടിൽ 90.21 ശതമാനവും കോർപറേഷൻ വിനിയോഗിച്ചുവെന്നും മേയർ പറഞ്ഞു. എന്നാൽ 48 ശതമാനം ഫണ്ടിനുള്ള ബില്ലുകളേ പാസായിട്ടുള്ളു. അതിനാൽ 2020–- -21ലെ പ്ലാൻ ഫണ്ടിൽനിന്ന് തുക തനതുഫണ്ടിലേക്ക് മാറ്റാമെന്നും കൗൺസിലിൽ തീരുമാനമായി.  ചർച്ചകളിൽ വിവിധ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം രാധാകൃഷ്‌ണൻ, കെ ബാബുരാജ്‌, എം സി അനിൽകുമാർ, പി സി രാജൻ, കൗൺസിലർമാരായ ബിജുരാജ്‌, വിദ്യാ ബാലകൃഷ്‌ണൻ, കെ കെ റഫീഖ്, എം ഗിരിജ, സയ്യിദ് മുഹമ്മദ് ഷമീൽ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News