വീടും സ്ഥലവും ജപ്തിചെയ്തു; 
പട്ടികജാതി കുടുംബം പെരുവഴിയിൽ

മണപ്പുറം ഫിനാൻസ് ജപ്തി ചെയ്തതിനെ തുടർന്ന് വീടിന് പുറത്തായ ദേവകിയും കുടുംബവും


  ബാലുശേരി നിർധനരായ പട്ടികജാതി കുടുംബത്തിന്റെ വീടും സ്ഥലവും സ്വകാര്യ പണമിടപാട്‌ സ്ഥാപനം ജപ്തിചെയ്‌തു. കുടുംബം പെരുവഴിയിലായി. കോട്ടൂർ പഞ്ചായത്ത് എട്ടാം വാർഡ് പൂനത്ത് ഞ്ഞേറക്കാട്ടിൽതാഴെ അംഗവയൽ മീത്തൽ ദേവകിയുടെ അഞ്ച് സെന്റും വീടുമാണ്  മണപ്പുറം ഫിനാൻസ് ജപ്തിചെയ്തത്. വ്യാഴാഴ്ച വൈകിട്ടാണ് റവന്യൂ അധികൃതരുടെയും പൊലീസിന്റെയും സാന്നിധ്യത്തിൽ ജപ്തിചെയ്‌തത്. ദേവകിയും മകളും മകളുടെ മക്കളുമാണ് വീട്ടിൽ താമസിക്കുന്നത്.  ഇവർ സ്ഥലത്തുണ്ടായിരുന്നില്ല. പ്ലസ് ടുവിനും എസ്എസ്എൽസിക്കും പഠിക്കുന്ന കുട്ടികളുടെ പുസ്തകം വീടിനകത്തായതിനാൽ പരീക്ഷാക്കാലത്ത്‌ പഠനം മുടങ്ങുമെന്ന സ്ഥിതിയായി.    ഭൂരഹിതരായ കുടുംബത്തിന് ഭൂമി വാങ്ങാൻ സഹായധനം നൽകിയത് ബ്ലോക്ക് പഞ്ചായത്താണ്. ലൈഫ് പദ്ധതിയിൽ വീട് നിർമിക്കാനും സഹായധനം ലഭിച്ചു. വീട് പണി പൂർത്തിയായിട്ടില്ല. സർക്കാർ സഹായത്താൽ ഭൂമിയും വീടും ലഭിച്ച കുടുംബത്തിന് സാധാരണ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകാറില്ല. എന്ത് അടിസ്ഥാനത്തിലാണ് വായ്പ നൽകിയതെന്ന് അധികൃതർ പറയുന്നില്ല. മൂന്ന് വർഷം മുമ്പാണ് 2,09,000 രൂപ കുടുംബം വായ്പയെടുത്തത്. കുറച്ച് തുക  തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഏകപക്ഷീയമായാണ്‌ നടപടിയെന്ന് കുടുംബം പറയുന്നു. തിരിച്ചടവ് ഇല്ലാത്തതിനാൽ നോട്ടീസയച്ചിട്ടുണ്ടെന്നും കോടതി നടപടിയെ തുടർന്നാണ് ജപ്തിചെയ്തതെന്നും കോഴിക്കോട് ബ്രാഞ്ച് മാനേജർ സുനിൽ പറഞ്ഞു.  കുടുംബത്തിന്റെ സ്ഥിതിയറിഞ്ഞ്‌ കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ്, സ്ഥിരം സമിതി അധ്യക്ഷൻ കെ കെ സിജിത്ത്, വാർഡ് മെമ്പർ പ്രീത, പട്ടികജാതി ക്ഷേമസമിതി ഏരിയാ സെക്രട്ടറി ഷാജി തച്ചയിൽ, സിപിഐ എം തൃക്കുറ്റിശേരി ലോക്കൽ സെക്രട്ടറി പി ബാലൻ നമ്പ്യാർ എന്നിവർ എത്തി കുടുംബത്തെ വീട്ടിൽ തന്നെ പാർപ്പിച്ചു. Read on deshabhimani.com

Related News