2 മാസം; 300 തീപിടിത്തം ചൂടാണ്‌; തീയാളും



  കോഴിക്കോട് വേനൽ കടുത്തതോടെ ജില്ലയിൽ രണ്ടുമാസത്തിനിടെ ഉണ്ടായത്‌ മൂന്നൂറ്‌ തീപിടിത്തം. ജനുവരി പകുതിക്കുശേഷം ചെറുതും വലുതുമായി മുന്നൂറിലധികം തീപിടിത്തം അഗ്നിരക്ഷാനിലയങ്ങളിൽ റിപ്പോർട്ട്‌ ചെയ്‌തു.  ഭൂരിഭാഗവും പാഴ്‌വസ്‌തുക്കൾക്കും പുൽമേടുകൾക്കും തീപടർന്ന്‌ ഉണ്ടായതാണ്‌. വാഹനങ്ങളിലെ തീപിടിത്തം വർധിക്കുന്നുവെന്ന മുന്നറിയിപ്പും അഗ്നിരക്ഷാസേന നൽകുന്നു.   വടകരയിൽ 39 തീപിടിത്തങ്ങളാണ്‌ ഈ കാലയളവിൽ ഉണ്ടായത്‌. ഇതിൽ 26 ഉം അടിക്കാടിന്‌ തീപടർന്നായിരുന്നു. ഒരു വാഹനവും ഒരു ട്രാൻസ്ഫോർമറും കത്തി. കൊയിലാണ്ടിയിൽ മൂന്ന് വാഹനങ്ങൾ കത്തി.  ഗ്യാസ് സിലിൻഡറിൽനിന്ന്‌ തീപടർന്നായിരുന്നു ഒരിടത്ത്‌ അപകടം. 15 അപകടങ്ങൾ അടിക്കാടുകൾക്ക്‌ തീപടർന്നും. നാദാപുരത്ത്‌ പാഴ്‌വസ്തുക്കൾക്കും അടിക്കാടിനും തീപടർന്ന്‌ ഒമ്പതിടത്ത്‌ അപകടമുണ്ടായി. വെള്ളിമാടുകുന്നിൽ  57 തീപിടിത്തമുണ്ടായി. നാല് വാഹനങ്ങളും കത്തി. 16 അപകടങ്ങൾ അടിക്കാടിന്‌ തീപടർന്നാണ്‌.  മുക്കം നിലയത്തിന്‌ കീഴിൽ 24 അപകടങ്ങളിൽ  പകുതിയും പാഴ്‌വസ്തുക്കളിൽ തീപിടിച്ചാണ്‌. നരിക്കുനി നിലയത്തിൽ 51 തീപിടിത്തങ്ങളിൽ 29 കേസുകളും പുൽമേട്‌ കത്തിയതാണ്‌. നഗരത്തിൽ മീഞ്ചന്തയിൽ 51 തീപിടിത്തങ്ങളുണ്ടായി. മൂന്ന്‌ വാഹനങ്ങൾ കത്തി. വാഹന സ്പെയർപാർട്സ് കട ഉൾപ്പെടെ നാല്‌ വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തമുണ്ടായി. 23 കേസുകൾ അടിക്കാടിനും പാഴ്‌വസ്തുക്കൾക്കും തീപടർന്നാണ്‌. ഗുരുവായൂരപ്പൻ കോളേജ്‌ പരിസരത്ത്‌ നാല് തവണ തീപടർന്നു. ബീച്ച് നിലയപരിധിയിൽ  63 അപകടങ്ങളുണ്ടായി. ഇതിൽ പകുതിയും മാലിന്യങ്ങളിൽ തീപടർന്നായിരുന്നു. രണ്ട് വാഹനങ്ങളും കത്തിയമർന്നു. മിക്ക തീപിടിത്തങ്ങൾക്കും കാരണമായത്‌ അശ്രദ്ധയാണെന്നും അഗ്നിരക്ഷാസേന മുന്നറിയിപ്പ്‌ നൽകുന്നു.      Read on deshabhimani.com

Related News