സിറ്റി ഗ്യാസ്‌: രണ്ടാംഘട്ടം കോർപറേഷൻ മേഖലയിൽ തുടങ്ങി



സ്വന്തം ലേഖിക കോഴിക്കോട്‌ ഗാർഹിക ഉപഭോഗങ്ങൾക്കും, വാഹനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും സുരക്ഷിതവും, ചെലവുകുറഞ്ഞതും മാലിന്യരഹിതവുമായ പ്രകൃതി വാതകം എത്തിക്കാനുള്ള സിറ്റി ഗ്യാസ് പദ്ധതിയുടെ രണ്ടാംഘട്ടം കോഴിക്കോട്‌ കോർപറേഷൻ മേഖലയിൽ ആരംഭിച്ചു. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കമ്പനിയുടെ മേൽനോട്ടത്തിലാണ്‌ പദ്ധതി. 2022 അവസാനത്തോടെ പൂർത്തിയാക്കാനാണ്‌ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായ രണ്ടാംഘട്ട പൈപ്പ്‌ലൈൻ കുന്നമംഗലം, വെള്ളിമാടുകുന്ന്‌, ഇരിങ്ങാടൻപള്ളി, കോവൂർ, മെഡിക്കൽ കോളേജ്, തൊണ്ടയാട്, പൊറ്റമ്മൽ, അരയിടത്തുപാലം, മാങ്കാവ്, മാവൂർ റോഡ് ജങ്‌ഷൻ, മാനാഞ്ചിറ, വട്ടക്കിണർ, ബേപ്പൂർ, മീഞ്ചന്ത, നല്ലളം നടക്കാവ്, വെസ്റ്റ് ഹിൽ, ഭട്ട് റോഡ്, ബീച്ച്  റോഡ്, പാവങ്ങാട്  വഴിയാണ് കടന്നുപോകുന്നത്. സ്വകാര്യ  സ്ഥലങ്ങളെ ബാധിക്കാതെ സർക്കാർ നിയന്ത്രിത റോഡുകളിലൂടെ ആണ് പൈപ്പ്‌ലൈൻ കടന്നുപോകുന്നത്. പൈപ്പ്‌ലൈൻ പോകുന്നതുമൂലം റോഡുകളിൽ ഉണ്ടാകുന്ന തകരാറുകൾ കുറക്കാൻ എച്ച്‌ഡിഡി മെത്തഡോളജി ആണ് കമ്പനി ഉപയോഗിക്കുന്നത്.  കുഴികൾ മാത്രം എടുക്കുകയും ഭൂമിക്ക്‌ അടിയിലൂടെ  നിർദിഷ്ട പൈപ്പ്‌ലൈൻ വലിക്കുകയും ചെയ്യുന്നതാണീ സംവിധാനം. പദ്ധതി നടപ്പാക്കുമ്പോൾ  ഉണ്ടാകുന്ന പ്രശ്‌നങ്ങൾ യഥാസമയം കമ്പനിയുടെ ശ്രദ്ധയിൽ പെടുത്താൻ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രതിനിധിയുടെയും  പ്രദേശത്തെ കരാർ കമ്പനി പ്രതിനിധിയുടെയും ഫോൺ നമ്പറുകൾ പ്രവൃത്തി നടക്കുന്ന മേഖലയിൽ സ്ഥാപിച്ചിരിക്കുന്ന എല്ലാ സേഫ്റ്റി വാണിങ്‌ ബോർഡുകളിലും നൽകിയിട്ടുണ്ട്. പദ്ധതി പൂർത്തീകരിക്കുന്നതോടെ നിലവിൽ വിതരണം ചെയ്യുന്ന ഏഴ്‌ സിഎൻജി പമ്പുകൾക്ക് പുറമെ പുതിയ പമ്പുകളും  ജില്ലയിൽ പ്രവർത്തന സജ്ജമാക്കി ഇന്ധനക്ഷാമം പരിഹരിക്കും.  ഒപ്പം വീടുകളിലേക്ക് പാചകവാതകം എത്തിക്കാനുള്ള പ്രവൃത്തികളും ആരംഭിക്കും. Read on deshabhimani.com

Related News