ക്യാപ്പിറ്റൽ ഡ്രഡ്ജിങ്: ബേപ്പൂർ തുറമുഖത്തും പരിസരത്തും സർവേ

ബേപ്പൂർ തുറമുഖത്ത് ഹൈഡ്രോഗ്രാഫിക് സർവേ ആരംഭിച്ചപ്പോൾ


 ഫറോക്ക് ബേപ്പൂർ തുറമുഖത്തിന്റെയും അനുബന്ധ മേഖലയുടെയും ആഴം വർധിപ്പിക്കുന്നതിന് മുന്നോടിയായുള്ള ഹൈഡ്രോഗ്രാഫിക് സർവേ ആരംഭിച്ചു. വാർഫ് ബേസിനിൽ സാധാരണ നിലയിലുള്ള ഡ്രഡ്ജിങ് പൂർത്തിയാക്കിയതിനു ശേഷമാണ് സർവേ. വൻകിട കണ്ടെയ്നർ കപ്പലുകൾക്ക്‌ അനായാസം തുറമുഖത്തെത്താനാവശ്യമായ നിലയിൽ കപ്പൽചാൽ ഉൾപ്പെടെ ആഴം കൂട്ടുന്നതിനുള്ള കാപ്പിറ്റൽ ഡ്രഡ്ജിങ്ങിനു വേണ്ടിയാണ്‌ സമഗ്ര സർവേ ആരംഭിച്ചത്.  ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം ചീഫ് ഡ്രാഫ്റ്റ്സ്‌മാൻ സി ഒ വർഗീസിന്റെ നേതൃത്വത്തിൽ പ്രത്യേക വെസലിലാണ് സർവേ. വാർഫ്, കപ്പൽ ചാലുകളും പരിസരവും, അഴിമുഖ കവാടം തുടങ്ങിയ എല്ലായിടത്തും എത്രത്തോളം മണലും ചെളിയും അടിഞ്ഞുകൂടിയിട്ടുണ്ടെന്നും നിലവിലെ ആഴം എത്രയെന്നും വിശദമായി തിട്ടപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കും. അതിനു ശേഷമാകും സാങ്കേതിക വിഭാഗം മറ്റു നടപടികൾ തുടങ്ങുക. സൗകര്യങ്ങൾ പരമാവധി മെച്ചപ്പെടുത്തി ബേപ്പൂർ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്കുയർത്താനാണ് സർക്കാർ തീരുമാനം. ഇതിനായി ആദ്യഘട്ടം 60 കോടി രൂപ അനുവദിച്ചു. ഇതിൽ പ്രഥമ പരിഗണന ക്യാപിറ്റൽ ഡ്രഡ്ജിങ്ങിനും വാർഫ് വിസ്തൃതി വർധിപ്പിക്കാനുമാണ്. ഇതിന്റെ ഭാഗമായാണ് 25.25 കോടി രൂപ ചെലവിട്ട് സമീപത്തെ 3.83 ഏക്കർ കോവിലകം ഭൂമി ഏറ്റെടുത്തത്.  കടൽ മാർഗമുള്ള ചരക്കുനീക്കം പ്രോത്സാഹിപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി കൊച്ചി-–-ബേപ്പൂർ–-അഴീക്കൽ ചരക്കു കപ്പൽ സർവീസ് ആരംദിച്ചത് വൻ വിജയമായി. ഇതിന്റെ തുടർച്ചയായി ബേപ്പൂരിൽ നിന്ന്‌ നേരിട്ട് രാജ്യാന്തര കണ്ടെയ്നർ കപ്പൽ സർവീസും ശ്രീലങ്കയിലേക്കുൾപ്പെടെ യാത്രാ - ടൂറിസ്റ്റ് കപ്പൽ സർവീസും ആരംഭിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗങ്ങളുടെ സഹകരണവും ഇതിനകം തന്നെ ലഭ്യമാക്കാനായിട്ടുണ്ട്.   Read on deshabhimani.com

Related News