‘കീം 2020’: ജില്ലയിൽ 37 സെന്റർ



കോഴിക്കോട്‌ കോവിഡ്‌ മാനദണ്ഡമനുസരിച്ചുള്ള പ്രതിരോധ  നടപടികളോടെ കേരള എൻജിനീയറിങ്‌ –- ഫാർമസി  എൻട്രൻസ്‌ പരീക്ഷ ‘കീം 2020’ വ്യാഴാഴ്ച നടക്കും. ജില്ലയിൽ  37 പരീക്ഷാ കേന്ദ്രങ്ങളുണ്ട്‌.  എൻജിനിയറിങ്‌, ഫാർമസി വിഭാഗങ്ങളിലേക്കായി 14,390 വിദ്യാർഥികൾ പരീക്ഷ എഴുതും. ഇതിൽ കോവിഡ്‌ നിരീക്ഷണത്തിൽ കഴിയുന്ന എട്ട്‌ വിദ്യാർഥികളും ഉൾപ്പെടും.  രാവിലെ 10 മുതൽ വൈകീട്ട്‌ അഞ്ചര വരെയാണ്‌ പരീക്ഷ.  പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിന്റെ നേതൃത്വത്തിൽ പൊലീസ്‌, ആരോഗ്യ വകുപ്പ്‌ എന്നിവയുടെ സഹകരണത്തിലാണ്‌ പരീക്ഷാ കേന്ദ്രങ്ങളിൽ കോവിഡ്‌ പ്രതിരോധ മാർഗങ്ങൾ നടപ്പാക്കുന്നത്‌. കുട്ടികളുടെ വിവരങ്ങൾ എടുക്കൽ, തെർമൽ സ്‌ക്രീനിങ്‌ എന്നിവയ്‌ക്കായി ഓരോ കേന്ദ്രത്തിലും മൂന്ന്‌ വീതം വളണ്ടിയർമാരുണ്ടാകും. എസ്‌എസ്‌എൽസി  പരീക്ഷയ്‌ക്കുണ്ടായിരുന്നത്‌ പോലെ   കൈകഴുകാനുള്ള സംവിധാനം, സാനിറ്റൈസർ എന്നിവയും ഉണ്ട്‌‌.   മാസ്‌ക്‌, സാമൂഹിക അകലം എന്നിവ കൃത്യമായി   പാലിക്കുന്നത്‌ ഉറപ്പാക്കാൻ പൊലീസ്‌ സേവനവും ഉണ്ടാകും.  കൈകഴുകി സാനിറ്റൈസർ ഉപയോഗിച്ച ശേഷമാണ്‌‌ പരീക്ഷാ മുറിയിലേക്ക്‌ കടത്തി വിടൂ.  കുട്ടികളുമായി എത്തുന്ന രക്ഷിതാക്കൾക്ക്‌ സാമൂഹിക അകലം പാലിച്ച്‌ ഇരിക്കാനും സംവിധാനമുണ്ട്‌.  ഓരോ ക്ലാസ്‌ മുറികളിലും 20 വീതം കുട്ടികളാണ്‌ ഉണ്ടാവുക. ബുധനാഴ്‌ച എല്ലാ കേന്ദ്രങ്ങളിലും അണുനശീകരണം നടത്തിയിരുന്നു.        നിരീക്ഷണത്തിൽ കഴിയുന്ന കുട്ടികൾക്കായി പ്രത്യേക ക്ലാസ്‌ മുറികൾ ഓരോ കേന്ദ്രത്തിലും കരുതിയിട്ടുണ്ട്‌. നിലവിൽ എട്ട്‌ പേരാണ്‌ ക്വാറന്റയിനിലുള്ളതായി ‌ അറിയിച്ചത്‌. ഇവർ  വാഹനത്തിൽ നേരിട്ട്‌  ക്ലാസ്‌ മുറികളിലേക്കാണ്‌ പോവേണ്ടത്‌.  മറ്റു വിദ്യാർഥികളിലും  ചെറിയ ലക്ഷണങ്ങൾ  കണ്ടാൽ ഇത്തരം മുറികളിലിരുന്നാണ്‌‌ പരീക്ഷ എഴുതേണ്ടത്‌.   പരിശോധനകൾ ഉള്ളതിനാൽ രാവിലെ എട്ടിന്‌ കേന്ദ്രങ്ങളിൽ എത്തണമെന്നതടക്കമുള്ള നിർദേശങ്ങൾ മുഴുവൻ പരീക്ഷാർഥികൾക്കും നൽകിയിട്ടുണ്ട്‌.   Read on deshabhimani.com

Related News