പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് ഒന്നാമത് മുത്താണ് മുക്കം



മുക്കം വാർഷിക പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്തെ നഗരസഭകളിൽ  മുക്കം ഒന്നാമതെത്തി. പദ്ധതി ഫണ്ട് ജനറൽ,  എസ് സി പ്രോജക്ട്, പട്ടിക  വർഗ പദ്ധതി എന്നിവയിലെ പ്രകടനം അടിസ്ഥാനമാക്കിയാണ്  സ്ഥാനം നിർണയിച്ചത്. 49.54 ശതമാനം തുക ചെലവഴിച്ചാണ് മുക്കം നഗരസഭ ഒന്നാമതെത്തിയത്. 47.75 ശതമാനം പദ്ധതികൾ പൂർത്തീകരിച്ച കുന്നംകുളമാണ് രണ്ടാംസ്ഥാനത്ത്. 46.83 ശത മാനത്തോടെ ചാവക്കാട് മൂന്നാം സ്ഥാനത്താണ്. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച്  പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നഗരസഭ ആവിഷ്കരിച്ച തന്ത്രങ്ങളാണ് വിജയം കണ്ടത്.  വാർഡ് സഭകളും യോഗങ്ങളും ചേരാൻ  സാധ്യമല്ലാതിരുന്ന ഘട്ടങ്ങളിൽ  വാട്സ് ആപ്പ് അടക്കം സമൂഹ മാധ്യമങ്ങൾ  ഉപയോഗിച്ചാണ്  പദ്ധതികളെക്കുറിച്ചുള്ള  വിവരങ്ങൾ പ്രചരിപ്പിച്ചത്.  വ്യക്തിഗത പദ്ധതികൾ  ഗുണഭോക്താക്കളെ അറിയിക്കാനായി   പ്രത്യേക വാട്സ്‌ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചിരുന്നു. നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌  പദ്ധതികൾ  അവലോകനം നടത്തി നടപ്പാക്കിയിരുന്നു.   വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളും സംസ്ഥാന ആവിഷ്കൃത പദ്ധതികളും സംയോജിപ്പിച്ച് നടപ്പാക്കാനായതാണ് മറ്റൊരു നേട്ടമായത്. വരുന്ന മൂന്നു മാസത്തിനുള്ളിൽ നൂറു ശതമനം പദ്ധതി എന്ന ലക്ഷ്യം  കൈവരിക്കാനുള്ള ഒരുക്കത്തിലാണ്  നഗരസഭ. 2017-–-18 ലും 2018-–-19 ലും നൂറുശതമാനം പദ്ധതി നേട്ടവുമായി മുക്കം നഗരസഭ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. പദ്ധതി നിർവഹണത്തിൽ മികവു കാട്ടിയ നിർവഹണ ഉദ്യോഗസ്ഥരെ നഗരസഭാ ചെയർമാൻ പി ടി ബാബു, സെക്രട്ടറി എൻ കെ ഹരീഷ് എന്നിവർ അനുമോദിച്ചു. Read on deshabhimani.com

Related News