വഖഫ്‌ : ലീഗ്‌ പൊള്ളത്തരം 
തുറന്നുകാട്ടി കൺവൻഷൻ

വഖഫ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കെ പി കേശവമേനോൻ ഹാളിൽ ചേർന്ന ബഹുജന 
കൺവൻഷനിൽ വഖഫ് ബോർഡ് ചെയർമാൻ ടി കെ ഹംസ മുഖ്യ പ്രഭാഷണം നടത്തുന്നു


കോഴിക്കോട്‌  അന്യാധീനമാക്കപ്പെട്ട വഖഫ്‌ സ്വത്തുക്കൾ വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട്‌ വഖഫ്‌ ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ബഹുജന കൺവൻഷൻ. വഖഫിന്റെ പേരിൽ ലീഗ്‌ നടത്തുന്ന രാഷ്ട്രീയ കളികൾ തുറന്നുകാട്ടിയ കൺവൻഷൻ വഖഫ്‌ സ്വത്തുക്കൾ സംരക്ഷിക്കാനായി സംസ്ഥാന സർക്കാർ നടപടികൾക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. ഈ നീക്കത്തിനെതിരെ ഒരുവിഭാഗമാളുകൾ രാഷ്ട്രീയ ലക്ഷ്യത്തോടെ  നടത്തുന്ന പ്രചാരണങ്ങൾ തള്ളിക്കളയണമെന്നും സാമുദായിക വികാരം ഇളക്കിവിടാനുള്ള ശ്രമത്തെ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. കെ പി കേശവമേനോൻ ഹാളിൽ ചേർന്ന കൺവൻഷനിൽ  പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി.  വഖഫ്‌ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടെന്ന്‌  മുഖ്യപ്രഭാഷണം നടത്തിയ വഖഫ്‌ ബോർഡ്‌ ചെയർമാൻ ടി കെ ഹംസ പറഞ്ഞു. വഖഫ്‌ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ  തെറ്റുകളും പോരായ്‌മകളും ഉണ്ടായിട്ടുണ്ടെങ്കിൽ അതെല്ലാം തിരുത്തണം. ഇത്രയും കാലം എന്തുകൊണ്ടാണ്‌ ഇത്തരമൊരു നടപടി ഉണ്ടാകാതിരുന്നതെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്രയും കാലം പല ബോർഡുകൾ ഭരണത്തിൽ വന്നെങ്കിലും അന്യാധീനപ്പെട്ട സ്വത്തുക്കൾ തിരികെ പിടിക്കാൻ നടപടിയായില്ല. ഇപ്പോഴാണ്‌ അനുകൂല സാഹചര്യമുണ്ടായത്‌. മുഖ്യമന്ത്രിയും  മന്ത്രി വി അബ്‌ദുറഹിമാനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഹ്‌മത്തുള്ളാ വഖാഫി എളമരം,  റസിയ ഇബ്രാഹിം, അഡ്വ. പി എം സഫറുള്ള, എം പി അബ്‌ദുൾ ഗഫൂർ, വായോളി മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.  പ്രൊഫ. എ പി അബ്‌ദുൾ വഹാബ്‌ സ്വാഗതവും ഒ പി ഐ കോയ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News