ദേശീയപാത വികസനം: വടകരയിൽ 
900 മീറ്ററിൽ മേൽപ്പാത



  വടകര ആറുവരി ദേശീയപാത വടകര പട്ടണത്തെ രണ്ടായി മുറിക്കില്ല. എലിവേറ്റഡ് ഹൈവേ (മേൽപ്പാത) ആവശ്യത്തിന്‌ ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി. നാരായണ നഗരം സ്റ്റേഡിയംമുതൽ അടക്കാതെരുവരെ 900 മീറ്ററിൽ എലിവേറ്റഡ് ഹൈവേ നിർമിക്കുമെന്ന്‌ കഴിഞ്ഞദിവസം ദേശീയപാത അധികൃതർ അറിയിച്ചു. ദേശീയപാത ആറ് വരിയാക്കുമ്പോൾ വടകര നഗരത്തിന്റെ വളര്‍ച്ചക്ക് തടസ്സമാകുന്ന രീതിയിലായിരുന്നു രൂപരേഖ. അടക്കാതെരുമുതല്‍ നാരായണ നഗരംവരെ എട്ട്‌ മീറ്ററിൽ മണ്ണിട്ട് ഉയർത്താനായിരുന്നു വിഭാവനം ചെയ്തത്. ഇത്തരത്തിൽ പാത വന്നാലുള്ള പ്രയാസം മനസിലാക്കി നഗരസഭാ കൗൺസിൽ പ്രമേയം പാസാക്കി സംസ്ഥാന സർക്കാരിനയച്ചു. ഒപ്പം ദേശീയപാത വികസന അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം ചര്‍ച്ചയും നടത്തി. വടകര പട്ടണം രണ്ടായി മുറിക്കുമ്പോൾ ഉണ്ടാവാനിടയുള്ള ആശങ്കയും പ്രയാസങ്ങളും അധികൃതരുടെയാകെ ശ്രദ്ധയിലെത്തിക്കാൻ കൗൺസിൽ നിരന്തരം ഇടപെട്ടു. ദേശീയപാതയുടെ രൂപരേഖ പ്രകാരം അടക്കാകതെരു, പുതിയബസ് സ്റ്റാൻഡ്‌, കരിമ്പനപ്പാലം സ്ഥലങ്ങളില്‍ വെഹിക്കിൾ അണ്ടർ പാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സർവീസ് റോഡിൽ ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കാരണം വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കപ്പെടുന്ന അവസ്ഥയും ഉണ്ടാകുമായിരുന്നു. നാട്ടുകാരും കച്ചവടക്കാരും ആശങ്കയറിയിച്ചു. സംസ്ഥാന സർക്കാരിനെയും കേന്ദ്ര ഗതാഗതവകുപ്പിനെയും  നേരിട്ടുകണ്ട് നഗരസഭാ ചെയർപേഴ്‌സൺ എലിവേറ്റഡ് ഹൈവേ സ്ഥാപിക്കണമെന്ന നിവേദനവും നൽകി. തുടർന്നാണ് എലിവേറ്റഡ് ഹൈവേയാക്കുമെന്ന അനുകൂല മറുപടി അധികൃതരിൽനിന്നും കഴിഞ്ഞദിവസം നഗരസഭക്ക് ലഭിച്ചത്.  ആറുവരി ദേശീയപാതയിൽ അടക്കാതെരുമുതൽ പുതിയ ബസ് സ്റ്റാൻഡ്‌ വരെ കോൺക്രീറ്റ് തൂണിൻമേലുള്ള റോഡിന് അംഗീകാരം നേടിയെടുക്കാൻ പ്രയത്നിച്ച വടകര നഗരസഭയെ വ്യാപാരി വ്യവസായി സമിതി വടകര ടൗൺ കമ്മിറ്റി അഭിനന്ദിച്ചു. Read on deshabhimani.com

Related News