ഉറവിടമില്ല; സമ്പർക്കവും കൂടുന്നു



കോഴിക്കോട്‌  ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗപ്പകർച്ചയ്‌ക്കൊപ്പം ഉറവിടമറിയാത്ത കേസുകളും ദിനംപ്രതി  കൂടുന്നതിനാൽ  കോവിഡ്‌  പ്രതിരോധത്തിൽ പുലർത്തേണ്ടത്‌ അതീവ ജാഗ്രത.  ഇതുവരെ 84 പേർക്കാണ്  സമ്പർക്കം വഴി രോഗം പകർന്നത്‌. ഇതിൽ ‌ 53 പേർക്കും രോഗം സ്ഥിരീകരിച്ചത്‌ ചൊവ്വാഴ്‌ച‌.  തൂണേരിയിൽ ഉറവിടമറിയാത്ത കേസുണ്ടായതോടെ നടത്തിയ ആന്റിജൻ പരിശോധനയിലാണ്‌ 47 പേർക്ക്‌ രോഗം കണ്ടത്‌. പൊതുജനങ്ങൾ‌ അതീവ ജാഗ്രത പുലർത്തണമെന്ന സൂചനയാണ്‌ തൂണേരി നൽകുന്നത്‌.    രണ്ടാഴ്‌ചക്കിടെയാണ്‌ സമ്പർക്ക കേസുകളിൽ പെട്ടെന്നുള്ള വർധനയുണ്ടായത്‌. മാർച്ച്‌ മുതൽ  ജൂൺ 27 വരെ 12 പേർക്കായിരുന്നു സമ്പർക്കത്തിൽ രോഗം ബാധിച്ചത്‌.  പിന്നീടുണ്ടായത്‌ ഏഴ്‌ മടങ്ങ്‌ വർധന.  ഉറവിടമറിയാത്ത കേസുകൾ കൂടുന്നതാണ്‌ ആശങ്കയിലാക്കുന്നത്‌. ആദ്യ ഘട്ടത്തിൽ തെരുവിൽനിന്ന്‌ പുനരധിവസിപ്പിച്ച ഒരാളിലാണ്‌ ഉറവിടമറിയാതെ രോഗം കണ്ടത്‌. കല്ലായിയിൽ ഒരു ഗർഭിണി, വെള്ളയിൽ ആത്മഹത്യ ചെയ്‌ത വയോധികൻ, വലിയങ്ങാടിയിലെ വ്യാപാരി, മീഞ്ചന്തയിലെ വ്യാപാരിയുടെ ഭാര്യ, തൂണേരിയിൽ രണ്ട് പേർ ‌ എന്നിങ്ങനെ ഉറവിടമറിയാത്ത കേസുകളുണ്ടായി. ഇവരുമായി ബന്ധപ്പെട്ടവരിൽ ‌ കൂടുതൽ പരിശോധന നടത്തിയതിലൂടെയാണ്‌ സമ്പർക്കം വഴിയുള്ള രോഗബാധ കൂടുതൽ കണ്ടെത്തിയത്‌.   അതേ സമയം പൊതുജനങ്ങൾ വ്യക്തിപരമായി പുലർത്തേണ്ട ജാഗ്രതയാണ്‌ അതിപ്രധാനമെന്ന്‌ ആരോഗ്യ പ്രവർത്തകർ പറയുന്നു.  കരുതാം, നമുക്കായ്‌  വായും മൂക്കും കൃത്യമായി മറയ്‌ക്കുംവിധം മാസ്‌ക്‌ ധരിക്കുക.  4–-6 മണിക്കൂർ കഴിഞ്ഞാലോ നനഞ്ഞാലോ മാറ്റണം. മാസ്‌കിന്റെ പുറം ഭാഗം തൊട്ട കൈ അണുവിമുക്തമാക്കാതെ മുഖത്തോ പൊതുഇടങ്ങളിലോ സ്‌പർശിക്കരുത്‌. ഉപയോഗിച്ച മാസ്‌ക്‌ അശ്രദ്ധയോടെ   വെയ്‌ക്കരുത്‌. കൈകൾ ഇടയ്‌ക്കിടെ സോപ്പിട്ടോ സാനിറ്റൈസർ ഉപയോഗിച്ചോ അണുവിമുക്തമാക്കണം. രണ്ട്‌ മീറ്റർ സാമൂഹിക അകലം പാലിക്കുക. ആൾക്കൂട്ടങ്ങളിൽനിന്ന്‌ അകന്ന്‌ നിൽക്കുക. വീടുകളിൽ ഐസൊലേഷനിലുള്ളവർ 28 ദിവസവും മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ മുറിയ്‌ക്കുള്ളിൽ കഴിയണം.   സമ്പർക്ക വ്യാപനത്തെ കരുതണം : ഡോ. ഷമീർ (അസി. പ്രൊഫസർ, ജനറൽ മെഡിസിൻ, ഗവ. മെഡിക്കൽ കോളേജ്‌ )     ദിവസം കൂടുന്തോറും ജില്ലയിൽ  കോവിഡ്‌ കേസുകൾ കൂടുകയാണ്‌. രോഗികളുടെ എണ്ണം കൂടുന്നത്‌ ചികിത്സാ, പ്രതിരോധ സംവിധാനങ്ങളെ ബാധിക്കും. സംസ്ഥാനത്തിതേവരെ മറ്റിടങ്ങളിലെ പോലെ രോഗബാധ ഉണ്ടായില്ല. വ്യാപന തോത്‌  കുറഞ്ഞാലേ  ‌ മികച്ച ചികിത്സ ലഭ്യമാക്കാനാവൂ. എണ്ണത്തിലെ വർധന  പ്രതീക്ഷിച്ചതാണെങ്കിലും   സമ്പർക്കം കൂടുന്നത്‌ ആശങ്കയുണ്ടാക്കുന്നു‌. കൂടുതൽ രോഗികൾ എത്തിയാൽ മൊത്തം സംവിധാനം അപകടാവസ്ഥയിലാവും. ദിവസം കൂടുന്തോറും ചികിത്സയിൽ മികവ്‌ വരുന്നുണ്ട്‌. വൈറസ്‌ ഏത്‌ രീതിയിൽ ശരീരത്തെ ബാധിക്കുന്നു എന്ന്‌ മനസ്സിലാക്കി കൂടുതൽ മരുന്നുകൾ പുതുതായി ഉപയോഗിക്കപ്പെടുന്നു‌. വളരെ ചെറിയ ശതമാനം ‌ മാത്രമാണ്‌ ഗുരുതരാവസ്ഥയിലെത്തുന്നത്‌. എങ്കിലും മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാകണം.  സമ്പർക്ക രോഗികളുടെ എണ്ണം കൂടിയാൽ അത്‌ തടസ്സപ്പെടും. ക്വാറന്റൈൻ കൃത്യമായി തുടർന്നും  സാമൂഹിക അകലം പാലിച്ചും സ്വയം വൈറസിനെ പ്രതിരോധിച്ചാൽ ഈ സാഹചര്യത്തെ നിയന്ത്രിച്ചുകൊണ്ട്‌ പോകാനാവും. Read on deshabhimani.com

Related News