പേടിക്കേണ്ട... കടലിൽ ഇനി ‘മിത്ര’മുണ്ട്‌



ബേപ്പൂർ  കപ്പലുകൾക്ക് അനായാസം തുറമുഖത്തെത്തുന്നതിനും തിരികെ പോകുന്നതിനും വഴികാട്ടിയും കരുതലുമായി പുതിയ ടഗ്ഗുകൾ ബേപ്പൂർ തുറമുഖത്തെത്തി. ഗോവയിലെ കപ്പൽ നിർമാണശാലയിൽ‌ നിർമിച്ച ധ്വനി, മിത്ര എന്നീ രണ്ടു ടഗ്ഗുകളാണ്‌ എത്തിയത്‌. തുറമുഖ വികസനത്തിന്  കുതിപ്പേകുന്ന അത്യാധുനിക സംവിധാനങ്ങളുള്ള ഇവയെ ഉദ്യോഗസ്ഥ സംഘം  ബുധനാഴ്‌ച രാവിലെ തുറമുഖത്തേക്ക് സ്വീകരിച്ചാനയിച്ചു. മിത്ര കണ്ണൂർ  അഴീക്കൽ തുറമുഖത്തേക്കുള്ളതാണ്.  നീണ്ടകരയിൽ 27ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതിനായി  ധ്വനി വൈകിട്ടുതന്നെ നീണ്ടകരയിലേക്ക് പുറപ്പെട്ടു.  നിലവിൽ ബേപ്പൂരിൽ കേരളീയം എന്ന ടഗ്ഗുണ്ടെങ്കിലും അതിന്‌ ശേഷി കുറവാണ്‌. ചരക്ക് കപ്പലുകൾക്കുൾപ്പെടെ ക്രൂ ചേഞ്ചിങ്, പുറം കടലിലൂടെ പോകുന്ന കപ്പലുകൾക്ക് സർവീസ് സൗകര്യങ്ങൾ ഒരുക്കൽ,  അപകടത്തിൽപ്പെടുന്ന കപ്പലുകൾക്ക്‌ രക്ഷാദൗത്യം തുടങ്ങിയവയാണ് ഇവയുടെ ദൗത്യം.  ഒരു ടഗ്ഗിന് 325 ബിഎച്ച്പി ശേഷിയുള്ള ഇരട്ട എൻജിനുകളാണ്. അഞ്ച് ടൺ പുൾ ഔട്ട് ശേഷിയുമുണ്ട്. റഡാർ, ഇക്കോ സൗണ്ടർ, ജിപിഎസ്, വിഎച്ച്എഫ്, ഓട്ടോ ഐഡന്റിഫിക്കേഷൻ സിസ്റ്റം എന്നീ ആധുനിക സജ്ജീകരണങ്ങളുമുണ്ട്. 3.2 കോടി രൂപയാണ് വില. ടഗ്ഗിന്റെ സൗകര്യം കൂടുതൽ കാര്യക്ഷമമാക്കണമെന്ന ഏറെ നാളത്തെ ആവശ്യത്തിനാണിപ്പോൾ പരിഹാരമാകുന്നത്. കൊല്ലത്തേക്ക് പോയ ധ്വനി ടഗ്ഗ് ഒരു മാസത്തിനകം ബേപ്പൂരിൽ തിരിച്ചെത്തുമെന്നും ഇതിനുശേഷമാകും ഇപ്പോൾ ബേപ്പൂരിലുള്ള മിത്ര അഴീക്കൽ തുറമുഖത്തേക്ക് പോവുകയെന്നും പോർട്ട് ഓഫീസർ ക്യാപ്റ്റൻ കെ അശ്വനിപ്രതാപ് ദേശാഭിമാനിയോട് പറഞ്ഞു. പോർട്ട് ഓഫീസർ ഇൻ ചാർജ് ക്യാപ്റ്റൻ പ്രദീഷ് നായർ പൈലറ്റ് ചെയ്താണ് ടഗ്ഗ് തുറമുഖത്തെത്തിച്ചത്. സീനിയർ പോർട്ട് കൺസർവേറ്റർ ടി പി മനോജ് കുമാർ, അസി. എൻജിനിയർ മൂസ,  തുറമുഖ വകുപ്പ് ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയവർ തുറമുഖത്ത് സ്വീകരിച്ചു.  Read on deshabhimani.com

Related News