മിഠായിത്തെരുവിലെ ഇടുങ്ങിയ കടകളും അമിത സ്‌റ്റോക്കും അപകടം

തീപിടിത്തമുണ്ടായ മിഠായിത്തെരുവ് എം പി റോഡിലെ ബിൽഡിങ്ങിൽ അഗ്നിശമന സേനാംഗങ്ങൾ പരിശോധന നടത്തുന്നു


  കോഴിക്കോട്‌> മിഠായിത്തെരുവിലെ ഇടുങ്ങിയ കടമുറികളും അമിതമായ സാധന സ്‌റ്റോക്കുകളും അപകടസാധ്യത വർധിപ്പിക്കുമെന്ന്‌ ഫയർഫോഴ്‌സ്‌ റിപ്പോർട്ട്‌. കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിനു ശേഷം ഫയർഫോഴ്‌സ്‌ വിഭാഗം അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോർട്ട്‌ കലക്ടർക്കും ഫയർഫോഴ്‌സ്‌ മേധാവിക്കും കോഴിക്കോട്‌ കോർപറേഷനും കൈമാറി.      എംപി റോഡ്‌, ഒയാസിസ്‌ കോംപ്ലക്‌സ്‌, ബേബി ബസാർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഭൂരിഭാഗം കടകളും ഇടുങ്ങിയ മുറികളാണെന്ന്‌ കണ്ടെത്തി. സ്ഥലസൗകര്യത്തിന്റെ പരിധിയ്‌ക്കപ്പുറമുള്ള സാധനങ്ങളാണ്‌ പല കടകളിലും കൂട്ടിയിട്ടിരിക്കുന്നത്‌.  ഇത്‌ തീപിടിത്തംപോലെ അപകടമുണ്ടായാൽ തീവ്രത കൂട്ടാനുള്ള സാഹചര്യമൊരുക്കും.        സാധനങ്ങളെല്ലാം അശ്രദ്ധയോടെ ഇലക്‌ട്രിക്കൽ ഉപകരണങ്ങൾക്കു സമീപവും സൂക്ഷിക്കുന്നത്‌ അപകടസാധ്യത കൂട്ടുന്നു.  തീപിടിത്തമുണ്ടാവാതിരിക്കാൻ ഇടവേളകളിൽ പരിശോധനയും വേണം.    ബീച്ച്‌, മീഞ്ചന്ത ഫയർ യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ ചേർന്നാണ്‌ അന്വേഷണം നടത്തിയത്‌. തിങ്കളാഴ്‌ച രാവിലെയും തീപിടിത്തമുണ്ടായ ഭാഗത്ത്‌ പരിശോധന നടത്തിയിരുന്നു. റീജണൽ ഫയർ ഓഫീസർ ടി രജീഷാണ്‌ റിപ്പോർട്ട്‌ കൈമാറിയത്‌.  തീപിടിത്തമുണ്ടായതിന്റെ കാരണം സംബന്ധിച്ച്‌  ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ഫോറൻസിക്കും പൊലീസുമാണ്‌ റിപ്പോർട്ട്‌ നൽകുക. വെള്ളിയാഴ്‌ചയായിരുന്നു വികെഎം ബിൽഡിങ്ങിന്റെ മുകളിലുള്ള ചെരുപ്പു ഗോഡൗണിൽ തീപിടിത്തമുണ്ടായത്‌.    Read on deshabhimani.com

Related News