50 പേരുടെ ആന്റിജൻ ബോഡി ടെസ്റ്റ് പോസിറ്റീവ്



നാദാപുരം കോവിഡ് സമൂഹവ്യാപന സാധ്യത നിലനിൽക്കുന്ന നാദാപുരം മേഖലയിൽ സ്ഥിതി അതീവ ഗുരുതരം. 400 പേരിൽ നടത്തിയ കോവിഡ് ആന്റിജൻ ബോഡി ടെസ്റ്റിൽ നാലുമാസം പ്രായമായ കുഞ്ഞടക്കം 50 പേരുടെ ഫലം പോസിറ്റീവായതായി റിപ്പോർട്ട്‌. ഇത്‌ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്‌ച രാത്രിയോടെയാണ്‌ പരിശോധനാ ഫലം പുറത്തുവന്നത്‌.  ശനിയാഴ്ച മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇവരുമായി പ്രാഥമിക സമ്പർക്കമുള്ളവരെയാണ് തിങ്കളാഴ്‌ച പരിശോധനയ്‌ക്ക്‌ വിധേയരാക്കിയത്‌. ഫലം പോസിറ്റീവായവരെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ്  സെന്ററിലേക്ക് മാറ്റി. നാദാപുരം താലൂക്ക് ആശുപത്രിയിൽ 75 പേരുടെ സ്രവ പരിശോധനയിൽ മൂന്നുപേരുടെയും തൂണേരി പ്രാഥമിക കേന്ദ്രത്തിൽ 325 പേരിൽ നടത്തിയ പരിശോധനയിൽ 47 പേരുടെയും ഫലങ്ങളാണ് പോസിറ്റീവായത്. ഇനിയും പരിശോധനാ ഫലം പുറത്തുവരേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. തൂണേരിയിൽ 66കാരിക്കും 27 കാരനും നാദാപുരത്ത് 34 കാരിക്കുമാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. പേരോട് ഒരു മരണവീട് സന്ദർശിച്ചവരുടെ പരിശോധനാഫലമാണ്  കൂടുതലായും പോസിറ്റീവായത്. ആരോഗ്യവകുപ്പ് നിർദേശം അവഗണിച്ച് കൂടുതൽ പേർ മരണവീട്ടിലേക്ക് പോയത് വിനയായി. തൂണേരിയിൽ ജനപ്രതിനിധി അടക്കമുള്ളവരുടെ ആന്റിജൻ പരിശോധനാഫലം പോസിറ്റീവ് ആയത് ഏറെ പരിഭ്രാന്തി പടർത്തിയിട്ടുണ്ട്. രോഗികളുമായി സമ്പർക്കത്തിലായവരുടെ പട്ടിക അഞ്ഞൂറോളം വരുമെന്നാണ് ആരോഗ്യവകുപ്പിന്റെ പുതിയ കണക്ക്. നാദാപുരത്ത് ഒരു വ്യാപാരിയുടെ ആന്റിജൻ പരിശോധനാഫലവും പോസിറ്റീവായിട്ടുണ്ട്. ഇവരുടെ ഗൃഹപ്രവേശം നടന്നത് അടുത്തിടെയാണ്. ഇതിൽ പങ്കെടുത്തവരും ആശങ്കയിലാണ്. നാദാപുരത്തുതന്നെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്റർ ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. Read on deshabhimani.com

Related News