കേരള വികസനത്തിൽ സഹകരണ സാമൂഹിക സംരംഭങ്ങൾ അതിപ്രധാനം: തോമസ് ഐസക്

പാലേരി കണാരൻ മാസ്റ്ററുടെ 37–ാം അനുസ്മരണ സമ്മേളനം തോമസ്‌ ഐസക്‌ ഉദ്ഘാടനം ചെയ്യുന്നു


വടകര കേരളത്തിന്റെ വികസനത്തിൽ സഹകരണ രംഗത്തെ സാമൂഹിക സംരംഭങ്ങൾക്ക് അതിപ്രധാന സ്ഥാനമുണ്ടെന്നും അതിനുള്ള ഏറ്റവും മികച്ച മാതൃക ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണെന്നും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. സൊസൈറ്റിയെ സ്ഥാപനവത്ക്കരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച മുൻ പ്രസിഡന്റ് പാലേരി കണാരൻ മാസ്റ്ററുടെ 37–ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പുറത്തുനിന്നുള്ള നിക്ഷേപവും പൊതുമേഖലാ നിക്ഷേപവും സ്റ്റാർട്ടപ്പുകൾ അടക്കമുള്ള ആഭ്യന്തര സ്വകാര്യ നിക്ഷേപവും പോലെ പ്രധാനമാണ് സഹകരണ രംഗത്തെ നിക്ഷേപവും. അതിനു വഴികാട്ടിയാകാൻ ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ പ്രാപ്തമാക്കിയത് ദീർഘകാലം അതിന്റെ പ്രസിഡന്റായിരുന്ന പാലേരി കണാരൻ മാസ്റ്ററുടെ നൂതനാശയങ്ങളും ദീർഘവീക്ഷണവുമാണെന്ന്‌ അദ്ദേഹം പറഞ്ഞു.  പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.  വൈസ് ചെയർമാൻ വി കെ അനന്തൻ അധ്യക്ഷനായി. ഇരിങ്ങൽ സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ചേർന്ന സമ്മേളനത്തിൽ ഡയറക്ടർ പി  പ്രകാശൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. എം എം സുരേന്ദ്രൻ, സി വത്സൻ, എം പത്മനാഭൻ, പി കെ സുരേഷ്‌ബാബു, കെ ടി കെ അജി, കെ ടി രാജൻ, സി‌ഇഒ സുനിൽകുമാർ രവി, സർഗാലയ സി‌ഇഒ പി പി ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News