കെട്ടിട സമുച്ചയം വൈകുന്നു; സർക്കാർ ഓഫീസുകൾ വാടകക്കെട്ടിടത്തിൽ



ഫറോക്ക് ബേപ്പൂർ നിയോജകമണ്ഡലത്തിലെ വിവിധ സർക്കാർ ഓഫീസുകൾ വാടകക്കെട്ടിടങ്ങളിൽ അസൗകര്യങ്ങളിൽ ഞെരുങ്ങുമ്പോൾ ഫറോക്ക് ചുങ്കത്തെ പഴയ ചെക്ക് പോസ്റ്റ് സ്ഥലത്ത് പുതിയ കെട്ടിട സമുച്ചയ നിർമാണ പദ്ധതി അനന്തമായി നീളുന്നു. അടച്ചുപൂട്ടിയ വാണിജ്യ നികുതി ചെക്ക് പോസ്റ്റ് സ്ഥലത്ത് വിവിധ സർക്കാർ ഓഫീസുകൾക്കായി മിനി സിവിൽ സ്റ്റേഷൻ മാതൃകയിൽ കെട്ടിട സമുച്ചയം നിർമിക്കാനുള്ള പദ്ധതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇനിയും അംഗീകാരമായിട്ടില്ല. ചുങ്കത്ത് ദേശീയ പാതയോരത്തായി  30 സെന്റ്‌ സ്ഥലത്താണ്‌ പഴയ ചെക്ക് പോസ്റ്റ്. ഫറോക്ക് സബ്ട്രഷറി, വില്ലേജ് ഓഫീസ് എന്നിവക്ക്‌ കെട്ടിടം നിർമിക്കാനായിരുന്നു   നികുതി വകുപ്പ് ആദ്യം അനുമതി നൽകിയത്. ട്രഷറിയ്ക്കായി 10 സെന്റ്‌ അനുവദിച്ചതുമാണ്. എന്നാൽ കൂടുതൽ സർക്കാർ ഓഫീസുകൾ ഒരിടത്ത് കേന്ദ്രീകരിക്കുന്നതിന് പുതിയ ബഹുനില കെട്ടിട സമുച്ചയം ബേപ്പൂർ മണ്ഡലത്തിനാകെ ഉപകാരപ്രദമാകും എന്ന കാഴ്ചപ്പാടിലാണ് സർക്കാരിലേക്ക് നിർദേശം സമർപ്പിച്ചത്.  എക്സൈസ് ഫറോക്ക് റേഞ്ച് ഓഫീസ്, സബ്ട്രഷറി, അസി. ലേബർ ഓഫീസ്, സബ് ആർടി ഓഫീസ്, ഫറോക്ക് വില്ലേജ് ഓഫീസ് എന്നിവയെല്ലാം വ്യത്യസ്തയിടങ്ങളിലായി വാടകക്കെട്ടിടങ്ങളിലാണ്‌ പ്രവർത്തിക്കുന്നത്‌. Caption : അടച്ചുപൂട്ടിയ ഫറോക്ക് ചുങ്കം വാണിജ്യനികുതി ചെക്ക് പോസ്റ്റ്    Read on deshabhimani.com

Related News