ലൈഫ് മിഷൻ ഭവന സമുച്ചയം പ്രവൃത്തി ഉദ്ഘാടനം 24ന്‌



  കുന്നമംഗലം  മാവൂർ പൊൻപാറക്കുന്നിൽ നിർമിക്കുന്ന ലൈഫ് മിഷൻ ഭവന സമുച്ചയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 24ന് പകൽ11 ന് മുഖ്യമന്ത്രി നിർവഹിക്കുമെന്ന് പിടിഎ റഹീം എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് വിട്ടുനൽകിയ 2.66 ഏക്കർ സ്ഥലത്താണ് ഭവന  സമുച്ചയം നിർമിക്കുന്നത്. പൊൻപാറക്കുന്നിൽ നിർമിക്കുന്ന സമുച്ചയത്തിൽ 44 കുടുംബങ്ങൾക്കാണ് താമസ സൗകര്യം. 6.16 കോടി രൂപയാണ് ചെലവ്‌. ഗുജറാത്തിലെ മിത് സുമി ഹൗസിങ്‌ പ്രൈവറ്റ് ലിമിറ്റഡിനാണ്‌ നിർമാണ കരാർ.  പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി കുന്നമംഗലം പഞ്ചായത്തിൽ രണ്ട് പദ്ധതികൾക്കാണ് അനുമതി. ചാത്തമംഗലം പഞ്ചായത്തിലെ കോട്ടോൽക്കുന്നിൽ 5.25 കോടി രൂപ ചെലവിൽ 42 കുടുംബങ്ങൾക്കായി നിർമിക്കുന്ന പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ചാത്തമംഗലം പഞ്ചായത്ത് വിട്ടുനൽകിയ 1.63 ഏക്കർ സ്ഥലത്താണ്  ഭവന സമുച്ചയം നിർമിക്കുന്നത്. എല്ലാ ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ വീടുകൾ ലഭ്യമാക്കുക എന്ന  ലക്ഷ്യത്തോടെ നടപ്പാക്കിവരുന്ന ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതിയിൽ ഉൾപ്പെടുത്തി  കുന്നമംഗലം  നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഒന്നാം ഘട്ടത്തിൽ 237 വീടുകളും രണ്ടാം ഘട്ടത്തിൽ 334 വീടുകളുമാണ് അനുവദിച്ചിട്ടുള്ളതെന്നും എംഎൽഎ പറഞ്ഞു. Read on deshabhimani.com

Related News