സ്പെഷ്യാലിറ്റി സേവനങ്ങൾ നൽകുക സർക്കാർ ലക്ഷ്യം



 കോഴിക്കോട്‌ സെക്കൻഡറി തലത്തിലുള്ള എല്ലാ ആശുപത്രികളിലും സ്പെഷ്യാലിറ്റി സേവനങ്ങൾ നൽകാനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ്. ഓരോ ആശുപത്രിയിലെയും ആർദ്രം പദ്ധതിയുടെ പൂർത്തീകരണത്തിന്‌ അനുസരിച്ച് ഇത് നടപ്പാക്കും. കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ‘ലക്ഷ്യ’ മാനദണ്ഡപ്രകാരം പുതുക്കിപ്പണിത ലേബർ റൂം, ശിശുരോഗ വിഭാഗം ഐസിയു, 400 കെവിഎ ട്രാൻസ്ഫോർമർ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയോട്‌ അനുബന്ധിച്ച് വന്ധ്യതാ ചികിത്സാകേന്ദ്രം ആരംഭിക്കുന്ന കാര്യം പരി​ഗണനയിലാണ്‌. എല്ലാ ആശുപത്രികളും മാതൃ-ശിശു സൗഹൃദമാക്കുകയാണ് ലക്ഷ്യം. കോട്ടപറമ്പ്‌ ആശുപത്രി സർക്കാർ മാനദണ്ഡത്തിന്റെ 90 ശതമാനത്തിലധികം സ്‌കോർ നേടി മാതൃശിശു സൗഹൃദ നിലവാരത്തിലെത്തിയതായി മന്ത്രി പ്രഖ്യാപിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയായി.  ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻചാർജ് ഡോ. വി ആർ രാജു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ വി ഉമ്മർ ഫാറൂഖ്, എൻകെകെപി നോഡൽ ഓഫീസർ ഡോ. സി കെ ഷാജി,  കൗൺസിലർ എസ് കെ അബൂബക്കർ എന്നിവർ സംസാരിച്ചു. സൂപ്രണ്ട് എം സുജാത സ്വാ​ഗതവും ഡെപ്യൂട്ടി സൂപ്രണ്ട് കെ അബ്ബാസ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News