കായണ്ണ, നൊച്ചാട് പഞ്ചായത്തുകളിൽ ഷിഗല്ല സ്ഥിരീകരിച്ചു



പേരാമ്പ്ര കായണ്ണ, നൊച്ചാട് പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ വയറിളക്കവും ഛർദിയും വ്യാപിക്കുന്നു. കായണ്ണ പഞ്ചായത്തിൽ 200ൽപരം പേർക്ക് രോഗം ബാധിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രണ്ടു കുട്ടികൾക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. നൊച്ചാട് പഞ്ചായത്തിലെ വാളൂർ പ്രദേശത്ത് 33 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നു കുട്ടികൾ ഷിഗല്ല ബാധിതരാണെന്ന് സ്ഥിരീകരിച്ചു.      രോഗബാധിതർ വർധിച്ച പാശ്ചാത്തലത്തിൽ പഞ്ചായത്തുകളിൽ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവരുടെ യോഗം ചേർന്ന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു. രോഗബാധിത മേഖലകളിലെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യുന്ന പ്രവർത്തനം ആരംഭിച്ചു.        വീടുകളിലെ കിണർ വെള്ളം പരിശോധന നടത്താനും നടപടിയായി. വിവാഹം തുടങ്ങിയ ആഘോഷ ചടങ്ങുകൾ നടക്കുന്നതിന് ഒരാഴ്ച മുമ്പെങ്കിലും ആരോഗ്യ വകുപ്പിന് മുൻകൂട്ടി വിവരം നൽകണം. പാചകക്കാരുടെ ഫോൺ നമ്പർ ആരോഗ്യ വകുപ്പിന് നൽകണം. വെള്ളമെടുക്കുന്ന കിണർ ക്ലോറിനേറ്റ് ചെയ്തതാണെന്ന് ഉറപ്പു വരുത്തണം, പാകം ചെയ്യുന്ന പാത്രങ്ങളും സാധനസാമഗ്രികളും വൃത്തിയുള്ളതായിരിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ പുറത്തിറക്കി.       കായണ്ണയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ശശിയും, നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ്‌ പി എൻ ശാരദയും യോഗത്തിൽ അധ്യക്ഷരായി. Read on deshabhimani.com

Related News