ഡീഗോ... ഡീഗോ... അർജന്റീന... അർജന്റീന

മഴയിലും തോരാത്ത ആവേശം! നൈനാംവളപ്പിലെ ആരാധകർ സംഘടിപ്പിച്ച ഫുട്ബോൾ മാച്ചിൽ പങ്കെടുത്ത അർജന്റീനോസ് ജൂനിയേഴ്‌സ് വൈസ് പ്രസിഡന്റ് ഹാവിയർ പെഡർസോളി മഴയിൽ കുട്ടികളോടൊപ്പം ആഹ്ളാദ നൃത്തത്തിൽ ഫോട്ടോ: ജഗത് ലാൽ


കോഴിക്കോട്‌ ഒരു ഭാഗത്ത്‌ ഫുട്‌ബോൾ ഇതിഹാസം മറഡോണയെ  വാർത്തെടുത്ത അർജന്റീനോസ്‌ ജൂനിയേഴ്‌സിന്റെ ഇപ്പോഴത്തെ വൈസ്‌ പ്രസിഡന്റായ ഹാവിയർ പെഡർസോളി മുന്നേറ്റ നിരയിൽ, ഗോൾ വലകാക്കാൻ ‘ഇന്ത്യൻ ഹിഗ്വിറ്റ’ എന്നറിയപ്പെടുന്ന ബ്രഹ്മാനന്ദും അർജന്റീന ജഴ്‌സിയണിഞ്ഞ കൊച്ചുകുട്ടികളും. മറുഭാഗത്ത്‌ അർജന്റീന ജൂനിയേഴ്‌സിന്റെ ബോർഡ്‌ മെമ്പർ കെവിൻ ലിബ്‌സ്‌ഫ്രെയിമും അർജന്റീന ജഴ്‌സിയണിഞ്ഞ്‌ കുട്ടികളും. നൈനാൻ വളപ്പിലെ അർജന്റീനൻ ആരാധകരെ ആവേശത്തിലാഴ്‌ത്തിയ സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ വിജയം കൊയ്‌ത്‌ മുൻ ഇന്ത്യൻ നായകൻ ബ്രഹ്മാനന്ദിന്റെ ടീം. ഏക പക്ഷീയമായ ഒരു ഗോളിനായിരുന്നു വിജയം. ഇരുഭാഗത്തും അർജന്റീന ജഴ്‌സിയണിഞ്ഞാണ്‌ കളിക്കാർ അണിനിരന്നത്‌. മത്സരം ചൂടുപിടിച്ചപ്പോഴേക്കും മഴയെത്തിയെങ്കിലും ആവേശത്തിന്‌ ഒട്ടും കുറവുണ്ടായില്ല. ആറാം മിനിറ്റിലായിരുന്നു ആദ്യഗോൾ. ഗോൾ പിറന്നത്‌ ഹാവിയറിന്റെ ബൂട്ടിൽ നിന്നും.  എക്കാലവും അർജന്റീനയെ ഹൃദയത്തിലേറ്റിയ നൈനാം വളപ്പിലെ ഹോം ഗ്രൗണ്ടിൽ അർജന്റീനക്കാരൻ വലകുലുക്കിയപ്പോൾ മധുരതരമായ നിമിഷമാണ്‌ കാണികൾക്ക്‌ സമ്മാനിച്ചത്‌. റഫറിയും ഇരുടീമുകളും ഒരേ ജഴ്‌സിയണിഞ്ഞെങ്കിലും ഒരുതരം ആശങ്കകളുമില്ലാതെ കളിക്കാർ പന്തുതട്ടി.   ഇന്ത്യൻ പ്രൊഫഷണൽ ഫുട്‌ബോളിൽ കൂടുതൽ കാലം കളിച്ച  ബ്രഹ്മാനന്ദായിരുന്നു കളിയുടെ മുഖ്യആകർഷണം.  ത്രസിപ്പിക്കുന്ന സേവുകളിലൂടെ ആരാധകരുടെ മനം കീഴടക്കിയ ‘പുലി’യുടെ വല കുലുക്കാൻ ഒരാൾക്കും കഴിഞ്ഞില്ല.  ഗോളടിക്കുന്നവർക്ക്‌ പ്രതിഫലവും നിശ്‌ചയിച്ചിരുന്നു.  മലബാറിൽ ഏറെ ആരാധകരുള്ള താരത്തെ കാണാൻ നിരവധി പേരാണ്‌ എത്തിയത്‌.  അർജന്റീനക്കാരോടുള്ള കോഴിക്കോട്ടുകാരുടെ ഇഷ്ടം അർജന്റീനോസ്‌ ജൂനിയേഴ്‌സ്‌ ഭാരവാഹികൾക്കും ആവേശമായി. അർജന്റീനൻ പതാകയും നീലയും വെള്ളയും ബലൂണുകളുമായി ഗ്രൗണ്ടിലെത്തിയ ആരാധകർ ഹാവിയറിനും കെവിനുമൊപ്പം ആഹ്ലാദനൃത്തം ചവിട്ടി. Read on deshabhimani.com

Related News