ബേപ്പൂർ ഇന്റർനാഷണൽ 
വാട്ടർ ഫെസ്റ്റ് 
അത്യാകർഷകമാക്കും: മന്ത്രി



ഫറോക്ക്  ഡിസംബറിൽ  നടത്തുന്ന "ബേപ്പൂർ ഇന്റർനാഷണൽ  വാട്ടർ ഫെസ്റ്റ്  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അത്യാകർഷമായ നിലയിൽ സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.  ചാലിയാറിലാണ് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന വാട്ടർ ഫെസ്റ്റ്  സംഘടിപ്പിക്കുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പും വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും യോജിച്ചാകും അന്താരാഷ്ട്ര ജലമേള സംഘടിപ്പിക്കുക.  ജല കായിക വിനോദ രംഗത്തെ എല്ലാ    സാധ്യതകളെയും പരമാവധി പ്രയോജനപ്പെടുത്തി രാജ്യത്ത് തന്നെ ആദ്യമായി ഒരുക്കുന്ന ജലമേളയ്ക്ക് ഒരുക്കങ്ങൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു.  ചാലിയാർ , ബേപ്പൂർ മറീന ജെട്ടി  എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന ജലോത്സവം, സുരക്ഷിതമായ ഏരിയ കണ്ടെത്തി ഒരു കിലോമീറ്ററോളം ദൈർഘ്യത്തിലാണ് അനുബന്ധ കായിക - വിനോദ പരിപാടികളും സംഘടിപ്പിക്കുക . വിവിധയിനം  വള്ളം കളി മത്സരങ്ങൾക്കു പുറമെ അന്തർദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച ജലാശയ കായിക ഇനങ്ങളും  ഫെസ്റ്റിലുണ്ടാവും.  ഇതോടൊപ്പം എല്ലാവർക്കും ആസ്വാദ്യകരമായ ഫ്ലോട്ടിങ് സംഗീത പരിപാടികൾ, ലൈറ്റ് ഷോകൾ, മത്സ്യത്തൊഴിലാളി യാനങ്ങളുടെ വർണാഭമായ ഘോഷയാത്രകൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകും. യോഗത്തിൽ  മേയർ ഡോ. ബീന ഫിലിപ്പ്,  കലക്ടർ  ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, ടൂറിസം വകുപ്പ് ഡയറക്ടർ വി ആർ കൃഷ്ണ തേജ, എഡിഎം മുഹമ്മദ്‌ റഫീഖ്, സബ് കലക്ടർ  ചെൽസ സിനി, അസി. കലക്ടർ  മുകുന്ദ് കുമാർ, ജില്ലാ പൊലീസ് മേധാവി എ വി ജോർജ്, ടൂറിസം ജോയിന്റ് ഡയറക്ടർ സി എൻ അനിതകുമാരി, ഡെപ്യൂട്ടി ഡയറക്ടർ കെ സി മനോജ്‌,  ഡിടിപിസി സെക്രട്ടറി ബീന  തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News