ഹജൂർ കച്ചേരി പറയും കൊടിയ അനീതി പുലർന്നകാലം

ഭാഗികമായി പൊളിച്ചുമാറ്റിയ ഹജൂർ കച്ചേരി.


കക്കോടി ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രശേഷിപ്പാണ്‌ നന്മണ്ടയിലെ ഹജൂർ കച്ചേരി സമുച്ചയം. ബ്രിട്ടീഷ്‌ കിരാതവാഴ്‌ചയുടെയും നാടുവാഴിത്തത്തിന്റെയും  അധികാര പ്രമത്തതയുടെയും പ്രതീകമായി കെട്ടിടത്തിന്റെ ഒരു ഭാഗം പുതിയ വില്ലേജ് ഓഫീസ്‌ കെട്ടിടത്തോട്‌ ചേർന്ന്‌ റെക്കോർഡുകൾ സൂക്ഷിക്കുന്ന മുറിയായി ഇപ്പോഴുമുണ്ട്‌. സ്വാതന്ത്ര്യാനന്തരം വില്ലേജ് ഓഫീസായി പ്രവർത്തിച്ച കെട്ടിടം പഴക്കംചെന്നതോടെ ഭാഗികമായി പൊളിച്ചുമാറ്റി. കെട്ടിടത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു കുതിരപ്പന്തി.  ബ്രിട്ടീഷ് ഭരണകാലത്തെ കോടതിയും വിചാരണയും ശിക്ഷയും ഭീതിദമായ ഓർമകളാണ്‌. വിചാരണക്കായി ബ്രിട്ടീഷ്‌ പ്രതിനിധി എത്തുന്ന കുതിരക്കുളമ്പടി ശബ്ദംപോലും ജനങ്ങളെ പേടിപ്പെടുത്തി. നന്മണ്ട 13ലെ ഹജൂർ കച്ചേരി സിവിലും ക്രിമിനലുമായ കേസുകളാണ്‌ വിചാരണചെയ്‌തിരുന്നത്‌. പഴയ കെട്ടിടത്തിന്റെ  മുൻവാതിൽ കടന്നാൽ വരാന്തയും തെക്കുഭാഗത്ത് ശിക്ഷാമുറിയുമായിരുന്നു. ക്രൂരമായ ശിക്ഷാവിധികളും കനത്ത പിഴയുമായിരുന്നു വിധിപ്രഖ്യാപനങ്ങൾ.  വക്കീലായി ബ്രിട്ടീഷുകാർ ചുമതലപ്പെടുത്തിയത് മാണിക്കോത്ത് നാരായണൻ കിടാവിനെയായിരുന്നു. ബാലുശേരി മുക്കിലെ ബംഗ്ലാവിൽനിന്ന് സായിപ്പെഴുന്നെള്ളിയാൽ നന്മണ്ടയിലായിരുന്നു വിശ്രമം. ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നതിന്‌ പൊലീസ് ഉദ്യോഗസ്ഥനായ വേട്ടരക്കണ്ടി ഉണ്ണിക്കിടാവിനെയായിരുന്നു ചുമതലപ്പെടുത്തിയത്.  ബംഗ്ലാവിലെ വാച്ച്മാൻ തൊടുവയിൽ അബ്ദുവായിരുന്നു.  സായിപ്പെത്തിയാൽ കീഴരിയൂർ, ഉള്ളിയേരി, കോഴിക്കോട് പ്രദേശങ്ങളിൽ  സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ പങ്കെടുത്തവരായി നന്മണ്ടയിൽ നിന്നാരെങ്കിലുമുണ്ടോ എന്നാരായും. പനോളികണ്ടി അമ്മത് കോയയുടെ നേതൃത്വത്തിലായിരുന്നു നന്മണ്ടയിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ. സമരം ശക്തമായതോടെ  കർഷക പ്രമാണിമാർ ഏറെയുള്ള നന്മണ്ടയിൽ നെൽകൃഷിക്കരം നൽകാൻ  തയ്യാറായില്ല. അത്തരം കർഷക പ്രമാണിമാരുടെ വയലിൽ ഉദ്യോഗസ്ഥർ ഇലകെട്ടിയ വടിനാട്ടി മുന്നറിയിപ്പ് നൽകും. കരം അടച്ചാൽ വടിയിൽ കെട്ടിയ ഇല ഉദ്യോഗസ്ഥർ നീക്കും.  മുന്നറിയിപ്പ് അവഗണിച്ച് നെല്ല് കൊയ്തവരെ കച്ചേരിയിൽ വിളിച്ചുവരുത്തി ശിക്ഷിക്കും. അയ്യപ്പൻ കണ്ടി രാരിച്ചൻ , മരുതാട്ട് കണാരൻ, പള്ളിക്കയറ്റ്യേര ചന്തു, വേട്ടക്കരക്കണ്ടി അപ്പുക്കിടാവ്, ആച്ചലത്ത് പെരയൻ, ചോമച്ചം കണ്ടി ഗോപാലൻ നായർ, വി എം കിടാവ് എന്നിവരും  സമരപോരാളികളായിരുന്നു.    Read on deshabhimani.com

Related News