ദേ, ഇതുതന്നെയാണ്‌ രാമല്ലൂർ സ്‌കൂൾ

തിങ്കളാഴ്‌ച ഉദ്ഘാടനം ചെയ്യുന്ന രാമല്ലൂർ ഗവ. എൽപി സ്കൂൾ കെട്ടിടം


  പേരാമ്പ്ര അനാദായകരമെന്ന പട്ടികയിൽനിന്നാണ്‌ അന്താരാഷ്ട്ര മികവിലേക്ക്‌ രാമല്ലൂർ ഗവ. എൽപി സ്‌കൂളിന്റെ അവിശ്വസനീയമായ സഞ്ചാരം. സ്‌കൂളിന്റെ ഭാവിയിൽ ഇരുൾ പടർന്നപ്പോൾ നാടൊന്നടങ്കം ചേർന്നാണ്‌ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കുന്നതിന്‌ കൈകോർത്തത്‌.   ഇന്ന്‌  സർക്കാർ എൽപി സ്‌കൂൾ കെട്ടിടമോ എന്ന്‌ അതിശയിക്കും വിദ്യാലയത്തിന്റെ ഗേറ്റ്‌ കടന്നുവരുന്നവർ.  പേരാമ്പ്ര മണ്ഡലത്തിൽ മികവിന്റെ കേന്ദ്രമായി ഉയർത്തിയ രാമല്ലൂർ ഗവ. എൽപി സ്കൂളിന്  ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന ടി പി രാമകൃഷ്ണൻ എംഎൽഎയുടെ  ഇടപെടലിലൂടെയാണ്‌ കിഫ്ബിയിൽനിന്ന്‌ 4.25 കോടി രൂപ അനുവദിച്ചത്. 28 സെന്റിൽ 3.1 കോടി ചെലവഴിച്ച്‌  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മൂന്നുനില കെട്ടിടം പണിതു. താഴത്തെ നിലയിൽ പ്രധാനാധ്യാപകന്റെ മുറി, സ്റ്റാഫ് റൂം, മൂന്ന് ക്ലാസ് മുറികൾ, പാചകപ്പുര, സ്റ്റോർ റൂം, ഭക്ഷണശാല, ഒന്നാം നിലയിൽ നാല് ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, രണ്ടാം നിലയിൽ 60 പേർക്ക് ഇരിക്കാവുന്ന ഹാൾ, ലൈബ്രറി എന്നിവയാണുള്ളത്‌. എല്ലാ നിലകളിലും ശുചിമുറികളുണ്ട്‌. ശേഷിക്കുന്ന തുക ചുറ്റുമതിൽ, കളിസ്ഥലം, അനുബന്ധ സൗകര്യങ്ങൾ എന്നിവക്കായി ചെലവഴിക്കും. പഞ്ചായത്തും പൂർവാധ്യാപകരും പൂർവ വിദ്യാർഥികളും  സ്കൂൾ ജീവനക്കാരും നാട്ടുകാരും ചേർന്നാണ്‌ സ്‌കൂൾ  വികസനത്തിന്‌ അധികമായി വേണ്ടിവന്ന  10 സെന്റ്‌  വാങ്ങിയത്‌.   മലബാർ ഡിസ്ട്രിക്ട്‌ ബോർഡിന്റെ കാലത്ത് 1954ലാണ് നൊച്ചാട്  പഞ്ചായത്തിലെ രാമല്ലൂരിൽ ഏകാധ്യാപക വിദ്യാലയം ആരംഭിച്ചത്. ആദ്യകാലത്ത്‌ ഓലമേഞ്ഞ ഷെഡിൽ പ്രവർത്തിച്ച സ്കൂളിന് 1970ൽ നിർമിച്ച കെട്ടിടം ശോച്യാവസ്ഥയിലായിരുന്നു. യുഡിഎഫ് സർക്കാർ അനാദായകരമെന്ന് മുദ്രകുത്തി അടച്ചുപൂട്ടാൻ തീരുമാനിച്ച വിദ്യാലയത്തിനാണ്‌ പുതിയ കെട്ടിടം നിർമിച്ചത്‌. തിങ്കൾ പകൽ 11ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നാടിന് സമർപ്പിക്കും. Read on deshabhimani.com

Related News