‘ഓണ്‍ലൈനില്‍’ പിടിമുറുക്കുന്നു

എഴുത്തുലോട്ടറി വാട്‌സ് ആപ്പ് ​ഗ്രൂപ്പിലെ ചാറ്റ് സ്ക്രീന്‍ ഷോട്ട്


കോഴിക്കോട്  സംസ്ഥാന ഭാ​ഗ്യക്കുറിക്ക് സമാന്തരമായുള്ള ‘എഴുത്തുലോട്ടറി’ കേന്ദ്രങ്ങൾ ജില്ലയിൽ പിടിമുറുക്കുന്നു. പൊലീസ് നടപടി ശക്തമായതോടെ ഇടപാടുകൾ ഓൺലൈൻ വഴിയാക്കി. ലോട്ടറി വിൽപ്പന കടകളുടെ സമീപത്ത്‌ ആരംഭിച്ച എഴുത്തുലോട്ടറി സംഘങ്ങളാണ്‌ ഓൺലൈനിലേക്ക്‌ മാറിയിരിക്കുന്നത്‌. ​ഭാ​ഗ്യക്കുറി ടിക്കറ്റുകൾ എടുക്കാനെത്തുന്നവരാണ്‌ എഴുത്തുലോട്ടറി ഏജന്റുമാർക്ക്‌  ‘മൂന്നക്കനമ്പർ’ കൊടുക്കുന്നത്‌. സമ്മാനം ലഭിക്കുന്ന മുറക്ക് ഏജന്റുമാർ പണം എത്തിച്ചുനൽകും. പൊലീസ് ഇടപെടൽ ശക്തമായതോടെ ഇപ്പോൾ പരസ്യമായ ‘എഴുത്ത്’ ഇല്ല. പകരം ഏജന്റുമാർ സദാസമയവും ഓൺലൈനിലാണ്‌.  ‘ഭാ​ഗ്യനമ്പറുകൾ’ ഇവർക്ക് ഫോണിൽ വിളിച്ചു പറഞ്ഞുകൊടുക്കാം. അല്ലെങ്കിൽ വാട്സ് ആപ്പ്, ടെല​ഗ്രാം പോലുള്ള സമൂഹമാധ്യമങ്ങൾ വഴി അയച്ചുകൊടുത്താലും മതി. എഴുത്തുചാർജും സമ്മാനത്തുകയും ഗൂ​ഗിൾപേ മുഖാന്തരം കൈമാറും. ഇതിനായി മാത്രം പ്രവർത്തിക്കുന്ന വാട്സ് ആപ്പ് ​ഗ്രൂപ്പുകൾ നിരവധിയുണ്ട് ഇപ്പോൾ. ‌​ഗ്രൂപ്പ് അഡ്മിന് 100 രൂപയ്ക്ക് പത്ത് രൂപയാണ് കമീഷൻ. ദിവസേന പകൽ ഒന്ന്, മൂന്ന്, വൈകിട്ട് ആറ്, രാത്രി എട്ട് എന്നിങ്ങനെ നാല് ‘എഴുത്ത്’ നറുക്കെടുപ്പാണുള്ളത്. ‌തമിഴ്നാട്, സിക്കിം, നാ​ഗാലാൻഡ് ലോട്ടറികൾക്കും സമാന്തര എഴുത്തുണ്ട്. ഇതരസംസ്ഥാന ലോബികളാണ് ‘സമ്മാനാർഹർക്ക്’ പണം നൽകുന്നത്. ചെറിയ തുക മുടക്കി പെട്ടെന്ന് ലാഭമുണ്ടാക്കാമെന്നതാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്.  Read on deshabhimani.com

Related News