വെറുമൊരു വീടല്ല;
‘ഇതളൊ’രു കവിതയാണ്‌

വനജയ്ക്കും കുടുംബത്തിനും നിർമിച്ച വീട്‌ വി കെ സി മമ്മത് കോയ കൈമാറുന്നു


ബേപ്പൂർ ‘ഇതൾ’ കേവലമൊരു വീട്‌ മാത്രമല്ല. മനുഷ്യസ്‌നേഹത്തെ വിളക്കിച്ചേർക്കുന്ന മനോഹരമായ ഒരു സങ്കൽപ്പത്തിന്റെ നിർമിതിയാണ്‌. അപരനോടുള്ള കരുതലും കാരുണ്യവും കടപ്പാടുമൊക്കെയും ചേർന്നാണ്‌ ഈ കുഞ്ഞുവീട്‌ ഉയർന്നുപൊങ്ങിയത്‌. അതുകൊണ്ടും തീരുന്നില്ല, ഒരുമയോടെ ദേശം പടുത്തുയർത്തിയ വീടിന്‌ കവിതപോലൊരു പേരുമിട്ടു അവർ. മനുഷ്യർ പരസ്‌പരം വെട്ടിമരിച്ച മാറാട്‌ പുതുകഥകളെഴുതുന്നത്‌ മനുഷ്യസ്‌നേഹത്താലാണ്‌.  ജിനരാജദാസ്‌ എഎൽപി സ്‌കൂളിലെ പാചകത്തൊഴിലാളിയായ എഴുത്തുപുരയ്‌ക്കൽ വനജയും കുടുംബവുമാണ്‌ ‘ഇതളി’ൽ അന്തിയുറങ്ങുക. 18 വർഷം തീരദേശത്തെ കുഞ്ഞുമക്കൾക്ക്‌ വച്ചുവിളമ്പിയ അമ്മയ്‌ക്ക്‌ കൂടൊരുക്കി ഒരു ദേശം ഉണ്ടചോറിന്‌ നന്ദിയുള്ളവരാവുന്നു. മാനേജർ വി കെ സി മമ്മത്‌ കോയയാണ്‌ താക്കോൽ കൈമാറിയത്‌.   മാറാട് തീരത്തെ വിദ്വേഷത്തിന്റെ മുറിവുണക്കിയ ജിനരാജദാസ് സ്കൂളിൽ  ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയപ്പോൾ സ്വന്തം പെൺമക്കൾ ഉൾപ്പെടെയുള്ള കുരുന്നുകൾക്ക് ഭക്ഷണം വിളമ്പാൻ സഹായത്തിനെത്താറുണ്ടായിരുന്നു വനജ.സ്കൂളിൽ പ്രഭാതഭക്ഷണ വിതരണം ആരംഭിച്ചപ്പോൾ വനജ പാചകക്കാരിയായി.   ജോലിക്കിടെ അർബുദബാധിതയായി. ശസ്‌ത്രക്രിയക്കുശേഷം ഒരു വർഷമായി വിശ്രമത്തിലാണിവർ. നിത്യരോഗിയായ ഭർത്താവ് സുബ്രഹ്മണ്യനും പതിനേഴും പതിനഞ്ചും വയസ്സുള്ള രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബം ചോർന്നൊലിക്കുന്ന കൊച്ചുകൂരയിൽ ഇതോടെ ദുരിതത്തിലായി. ഈ ദൈന്യതയറിഞ്ഞാണ് സ്കൂൾ പിടിഎ ജനകീയ പങ്കാളിത്തത്തോടെ ഫണ്ട്‌ സ്വരൂപിച്ച് മൂന്ന് സെന്റ്‌ ഭൂമി വാങ്ങിയത്‌. എല്ലാ സൗകര്യങ്ങളുമുള്ളതാണ്‌  വീട്‌. വി കെ സി ചാരിറ്റബിൾ ഫൗണ്ടേഷൻ നൽകിയ അഞ്ചുലക്ഷം രൂപ ഉപയോഗിച്ചാണ്‌ പണി തുടങ്ങിയത്‌. 17 ലക്ഷം രൂപയാണ്‌ വീടിനായി ചെലവഴിച്ചത്‌.   വീട്‌ സമർപ്പണത്തിൽ കൗൺസിലർ വാടിയിൽ നവാസ് അധ്യക്ഷനായി. നിർമാണ കമ്മിറ്റി ചെയർമാൻ കെ സിദ്ധാർഥൻ, കൗൺസിലർ കൊല്ലത്ത് സുരേശൻ, പൊന്നത്ത് ദേവരാജൻ, എൽ എസ് ഉണ്ണികൃഷ്‌ണൻ, കെ സജീവോത്തമൻ, ടി ടി ഷബീർ അഹമ്മദ് എന്നിവർ സംസാരിച്ചു. കൺവീനർ വി പി സുനീർ സ്വാഗതവും പ്രധാനാധ്യാപകൻ ഇ എം പുഷ്പരാജൻ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News