നല്ലളം, മണ്ണൂർ സ്കൂളുകളിൽ ഒരുങ്ങി 
‘ഇടം’ സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രങ്ങൾ

നല്ലളം ഗവ. ഹൈസ്കൂളിൽ ഒരുക്കിയ സ്ത്രീ സൗഹൃദ കേന്ദ്രം


ഫറോക്ക്  പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ പരിപാലനവും മാനസിക ഉല്ലാസവും ലക്ഷ്യമിട്ട് സ്കൂളുകളിൽ സർക്കാർ നടപ്പാക്കുന്ന സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രങ്ങൾ ഒരുങ്ങി. "ഇടം’ എന്ന പേരിൽ ബേപ്പൂർ മണ്ഡലത്തിൽ നല്ലളം ഗവ. ഹൈസ്കൂൾ, മണ്ണൂർ സി എം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ആദ്യമായി പ്രവർത്തനസജ്ജമായത്. നല്ലളം ഗവ. സ്കൂളിൽ വ്യാഴം വൈകിട്ട് നാലിന്  മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.   കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷന്റെ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് 32.4 ലക്ഷം രൂപ ചെലവിട്ടാണ് രണ്ടു സ്കൂളുകളിൽ ഇടം നിർമിച്ചത്‌. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഏഴു സ്കൂളുകളിലാണ് സൗഹൃദ കേന്ദ്രങ്ങൾ ഒരുങ്ങുക. കിടക്കകളോടുകൂടിയ രണ്ടു കട്ടിൽ, നാലു കസേരകൾ , നാപ്കിൻ വെന്റിങ് യന്ത്രം, ശുചിമുറി, പ്രഥമ ശുശ്രൂഷ സംവിധാനങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ടാകും.  ബേപ്പൂർ മണ്ഡലത്തിലെ എല്ലാ പ്രധാന സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും "ഇടം’ സൗഹൃദ വിശ്രമ കേന്ദ്രങ്ങളൊരുക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. Read on deshabhimani.com

Related News