നടുവണ്ണൂർ റീജ്യണൽ ബാങ്കിലെ അനധികൃത നിയമനം: ജോ. രജിസ്ട്രാർക്ക് നടപടിയെടുക്കാം–ഹൈക്കോടതി



 നടുവണ്ണൂർ യുഡിഎഫ്‌ ഭരണസമിതിക്ക്‌ കീഴിലുള്ള നടുവണ്ണൂർ റീജ്യണൽ കോ ഓപ്പറേറ്റീവ് ബാങ്കിലെ അനധികൃത നിയമനത്തിൽ ജോ. രജിസ്ട്രാർക്ക് നടപടിയെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ സഹകരണ നിയമവും ചട്ടവും സംവരണ തത്ത്വവും പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തി നടപടിയെടുക്കാൻ സഹകരണസംഘം ജോ. രജിസ്ട്രാർമാർക്ക് അധികാരമുണ്ടെന്ന്‌ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിൽ വ്യക്തമാക്കി. നടുവണ്ണൂർ റീജ്യണൽ സഹകരണ ബാങ്കിൽ ഭരണസമിതി അനധികൃതമായും സംവരണ തത്ത്വങ്ങൾ പാലിക്കാതെയും നടത്തിയ എട്ട് നിയമനങ്ങൾ സംബന്ധിച്ച ഹർജിയിലാണ്‌ ഉത്തരവ്‌. ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ട്രഷറർ ടി ഗണേഷ്‌ബാബു പ്രസിഡന്റായുള്ള യുഡിഎഫ്‌ ഭരണസമിതിയാണ്‌ നിയമനം നടത്തിയത്‌.  സഹകരണ ജോ. റജിസ്ട്രാർമാരുടെ അധികാരം കവർന്നെടുക്കുന്നതരം വിധികൾ സഹകരണ ട്രൈബ്യൂണലിന്റെയും സഹകരണ ആർബിട്രേഷൻ കോടതിയുടെയും ഭാഗത്തുനിന്നുണ്ടായതുകൂടി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. ബാങ്കിൽ നടത്തിയ എട്ട് നിയമനങ്ങളും അനധികൃതവും സംവരണ തത്ത്വവും പാലിക്കപ്പെടാതെയാണെന്ന് ചൂണ്ടിക്കാട്ടി ഉമ്മർ അൻസാരി, ജെ എസ് ശരത്ത്, എ എസ് റിലു എന്നിവർ അഡ്വ. പി എൻ മോഹനൻ മുഖേന സമർപ്പിച്ച ഹർജിയാണ് പരിഗണിച്ചത്.  യുഡിഎഫ്  ഭരണസമിതി നടത്തിയ നിയമനങ്ങളെച്ചൊല്ലി വലിയ ആക്ഷേപമുയർന്നിരുന്നു. ക്ലാസ് മൂന്ന്‌ പ്രകാരം പ്രവർത്തിക്കുന്ന സംഘത്തിൽ പത്രവിജ്ഞാപനത്തിൽ പറഞ്ഞതിൽ കൂടുതൽ ആളുകളെ നിയമിക്കുകയും ഭിന്നശേഷി, എസ്‌ സി സംവരണം പാലിച്ചില്ലെന്നും ആരോപിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. Read on deshabhimani.com

Related News