കുറ്റ്യാട്ടൂർ മാവ് വടകരയിലും പൂക്കും



വടകര ഔഷധഗുണംകൊണ്ടും രുചികൊണ്ടും പ്രസിദ്ധമായ കണ്ണൂർ കുറ്റ്യാട്ടൂർ മാവ് ഇനി വടകരയിലും പൂക്കും. വടകര നഗരസഭ ആവിഷ്കരിച്ച ‘കുറ്റ്യാട്ടൂർ മാവും കുറ്റ്യാടി തെങ്ങും' പദ്ധതിയുടെ ഭാഗമായി ആയിരം വീടുകളിലാണ്‌ മാവിൻതൈ വിതരണം ചെയ്യുക. കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പ്രദേശത്തെ തനത് മാവിനമാണിത്‌. ഔഷധഗുണമുള്ള മാവിലകൾ ദന്തരോഗത്തിനും മികച്ചതാണ്. ആയുർവേദ പൽപ്പൊടികളിലും ടൂത്ത്പേസ്റ്റുകളിലും ഉണങ്ങിയ കുറ്റ്യാട്ടൂർ മാവിലകൾ പ്രധാന ചേരുവയാണ്. വിപണിയിൽ അധികമൊന്നും ലഭ്യമല്ലാത്ത കുറ്റ്യാട്ടൂർ മാവിന്റെ ഗ്രാഫ്റ്റ് ചെയ്ത 1000 തൈകളാണ് വടകരയിലെത്തുന്നത്.മികച്ച രോഗപ്രതിരോധശേഷിയും വിളവും തരുന്ന കുറ്റ്യാടി തെങ്ങിൻ തൈയും നൽകുന്നുണ്ട്. രണ്ടിനുംകൂടി ഗുണഭോക്തൃവിഹിതമായി 105 രൂപ അടയ്ക്കണം. ഒരു വാർഡിൽ ശരാശരി 25 പേർക്കാണ് വിതരണം. ഗുണഭോക്തൃവിഹിതം അടയ്ക്കാൻ  കൃഷിഭവനിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. വാർഡ് സഭാ ലിസ്റ്റിൽ ഉൾപ്പെട്ടവരും ആദ്യം പണം അടയ്‌ക്കുന്നവരുമായ 25 പേരെ ആണ് ഒരു വാർഡിൽനിന്ന്‌ പരിഗണിക്കുക. 13 വരെ പണമടയ്‌ക്കാം. Read on deshabhimani.com

Related News