ഈ വൈബാണ് അതിശയത്തോടെ ലോകം കണ്ടത്‌

നല്ലളം കുടുംബാരോഗ്യകേന്ദ്രം ഉദ്‌ഘാടനത്തിന്‌ തയ്യാറാക്കിയ
പ്രൊമോ വീഡിയോയിൽ നിന്ന്‌


കോഴിക്കോട്‌ അവരുടെ ചുവടുകളുടെ ചന്തത്തിലാണ്‌ ലോകം കോഴിക്കോട്ടെ വെറുമൊരു കുടുംബാരോഗ്യകേന്ദ്രത്തെ വിസ്‌മയത്തോടെ കണ്ടുനിൽക്കുന്നത്‌. ഡോക്ടർമാർ മുതൽ പാർട്‌ടൈം തൂപ്പുകാർവരെ അണിനിരന്ന പ്രൊമോ വീഡിയോയിൽ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ വെളിച്ചമത്രയുമുണ്ട്‌, പങ്കാളിത്ത വികസനമെന്ന അവിശ്വസനീയമായ കേരളമാതൃകയുടെ പ്രസരിപ്പുണ്ട്‌, വലുപ്പച്ചെറുപ്പമില്ലാത്ത തൊഴിലിടങ്ങളുടെ അപൂർവ സൗന്ദര്യമുണ്ട്‌.     വ്യാഴാഴ്‌ച ഉദ്‌ഘാടനംചെയ്‌ത നല്ലളം കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരും ആശാവർക്കർമാരും ചേർന്നുള്ള  നൃത്തത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ്‌ നവമാധ്യമങ്ങളിലൂടെ ഒറ്റനാളിൽ വൈറലായത്‌. ആയിരക്കണക്കിനാളുകളാണ്‌ വീഡിയോ ഷെയർ ചെയ്‌തത്‌. പാദരക്ഷാനിർമാതാക്കളായ വികെസി ഗ്രൂപ്പിന്റെ കീഴിലുള്ള വികെസി ചാരിറ്റബിൾ ഫൗണ്ടേഷനാണ്‌ 1.38 കോടി രൂപ ചെലവിൽ സർക്കാർ ചികിത്സാകേന്ദ്രത്തിൽ നവീന സൗകര്യം ഒരുക്കിയത്‌.  ആശുപത്രി ഉദ്‌ഘാടനത്തലേന്ന്‌ ജീവനക്കാർ ചേർന്ന്‌ കൗതുകത്തിന്‌ ചെയ്‌ത വീഡിയോ ബേപ്പൂരിന്റെ ജനപ്രതിനിധിയും പൊതുമരാമത്ത്‌ മന്ത്രിയുമായ പി എ മുഹമ്മദ്‌ റിയാസ്‌ ഫേസ്‌ബുക്ക്‌ പേജിൽ പങ്കുവച്ച്‌ മണിക്കൂറുകൾക്കകം വൈറലായി.   ഈയിടെയിറങ്ങിയ സുലേഖാ മൻസിൽ എന്ന സിനിമയിലെ ഹാലാകെ മാറുന്നേ എന്നുതുടങ്ങുന്ന പാട്ടിലെ  ‘മധുരക്കിനാവിൻ കതകുതുറക്കുന്ന മതിഭ്രമദായിനി പരിമളഗാത്രേ’ എന്ന വരികൾക്കായിരുന്നു നൃത്തം. ഡോക്ടർമാരായ ആരതിയും നർഷിദയും മുതൽ തൂപ്പുകാരിയായ സിനിയും 15 ആശാവർക്കർമാരും വീഡിയോയിൽ  നിറഞ്ഞു. പൂമുഖവും നഴ്‌സിങ് സ്‌റ്റേഷനും ലാബും ഫാർമസിയും തുടങ്ങി ആശുപത്രിയുടെ വിവിധ വിഭാഗങ്ങളുടെ പ്രൗഢി ദൃശ്യങ്ങളിലൂടെ മിന്നിമറയുന്നു.   ആശുപത്രി കെട്ടിടത്തിന്റെ ആർകിടെക്ട്‌ ആദം മാലിക്‌ ഫാർമസിസ്‌റ്റായ സി ജെ അനുവിനോട്‌ തലേദിവസം വൈകിട്ട്‌ പങ്കുവച്ച ആശയത്തിൽ നിന്നാണ്‌ വീഡിയോയുടെ പിറവി. ഉദ്‌ഘാടനത്തിന്റെ ഒരുക്കത്തിനിടെ  ഒരു ദിവസത്തിനകം എല്ലാ ജീവനക്കാരെയും ഉൾപ്പെടുത്തി വീഡിയോ വെല്ലുവിളിയായിരുന്നു. റിഹേഴ്‌സൽ ഒന്നുമില്ലാതെ പാട്ടുകേട്ട്‌ പൊടുന്നനെ മനസ്സിൽ തോന്നുന്ന ചുവടുവയ്‌ക്കുകയായിരുന്നു. ധനുവാണ്‌ കാമറയും എഡിറ്റിങ്ങും. ആശുപത്രി ഉദ്‌ഘാടനത്തിനെത്തിയ മന്ത്രിമാരായ വീണാ ജോർജും റിയാസും മേയർ ബീന ഫിലിപ്പും ഉൾപ്പെടെയുള്ളവർ ജീവനക്കാരെ അനുമോദിച്ചു. Read on deshabhimani.com

Related News