റിപ്പോർട്ട്‌ കിട്ടിയശേഷം ഉചിത നടപടി: മന്ത്രി വീണാ ജോർജ്‌



കോഴിക്കോട്‌ കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജിൽ രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പരാതിക്കാരിയെ മൊഴിമാറ്റാൻ പ്രേരിപ്പിച്ചതിന്‌ സസ്‌പെൻഷനിലായ ജീവനക്കാരെ തിരിച്ചെടുത്തത്‌ സംബന്ധിച്ച്‌ മെഡിക്കൽ വിദ്യാഭ്യാസബോർഡ്‌ ഡയറക്ടറോട്‌ റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ മന്ത്രി വീണാ ജോർജ്‌. റിപ്പോർട്ട്‌ കിട്ടിയാൽ വിഷയത്തിൽ ഉചിത നടപടിയെടുക്കും. തിരിച്ചെടുത്തത്‌ തന്റെ അറിവോടെയല്ല.  ഹർഷിതക്ക്‌ ശസ്‌ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ വിഷയത്തിൽ ശാസ്‌ത്രീയ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. അത്‌ പൂർത്തിയായാൽ മാത്രമേ എവിടെയാണ്‌ പിഴവുപറ്റിയതെന്ന്‌ പറയാനാകൂ.  നഷ്ടപരിഹാരത്തുക ഉയർത്തുന്ന കാര്യത്തിൽ മന്ത്രിസഭയാണ്‌ തീരുമാനമെടുക്കേണ്ടത്‌. മെഡിക്കൽ കോളേജിൽ കാൻസർ രോഗികൾക്ക്‌ മരുന്ന്‌ ലഭിക്കുന്നതിൽ കാലതാമസമുണ്ടാകുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. കേരള മെഡിക്കൽ സർവീസ്‌ കോർപറേഷനോട്‌ വിശദീകരണം ആരായുമെന്നും മന്ത്രി വാർത്താലേഖകരുടെ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു. Read on deshabhimani.com

Related News