മഴയിൽ വ്യാപക നാശം

കനത്ത മഴയിൽ വെള്ളംപൊങ്ങിയ കെ പി കേശവമേനോൻ റോഡ്


കോഴിക്കോട്‌ കനത്ത മഴയിലും മിന്നലിലും ജില്ലയിൽ പലയിടത്തും നാശം. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. വിവിധയിടങ്ങളിൽ മരം കടപുഴകി വീണു. കൊടുവള്ളി കിഴക്കോത്ത് പരപ്പാറയിൽ മിന്നലേറ്റ്‌ യുവാവ്‌ മരിച്ചു. പുത്തലത്ത് വീട്ടിൽ കക്കോടൻ നസീർ (40) ആണ് മരിച്ചത്. ബുധൻ പകൽ രണ്ടോടെയാണ്‌ മിന്നലേറ്റത്‌. കുണ്ടൂപ്പറമ്പിൽ വൈകിട്ട് നാലോടെ വീട്‌ തകർന്നുവീണ്‌ രണ്ടുപേർക്ക്‌ സാരമായി പരിക്കേറ്റു. കുറ്റിപ്പുറത്ത് ധനീഷ് കുമാറിന്റെ വീടിന്റെ മുൻവശമാണ്‌ തകർന്നുവീണത്‌. ധനീഷ് കുമാറിന്റെ തുടയെല്ലും സുഹൃത്ത് ജഗതിയുടെ കാലും പൊട്ടി. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടുണ്ടായ മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളം കയറി. മാവൂർ റോഡ്‌, മൊഫ്യൂസിൽ ബസ്‌സ്റ്റാൻഡ്‌, കെ പി കേശവമേനോൻ റോഡ്‌, വലിയങ്ങാടി തുടങ്ങിയ ഇടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ഓവുചാൽ നിർമാണം നടക്കുന്ന ഗാന്ധി പാർക്ക്‌ പരിസരത്ത്‌ റോഡിൽ കനത്ത വെള്ളക്കെട്ടുണ്ടായി. വെള്ളക്കെട്ടും ഗതാഗതക്കുരുക്കും യാത്രക്കാരെ വലച്ചു.  സിവിൽസ്റ്റേഷനിലെ ആർടി ഓഫീസ്‌ വരാന്തയും വെള്ളത്തിലായി. മൊഫ്യൂസിൽ സ്റ്റാൻഡ്‌ പരിസരത്ത്‌ വെള്ളത്തിൽ മീൻ ഒഴുകിയെത്തിയത്‌ കൗതുകമായി. മിഠായിത്തെരുവിലും വെള്ളം കയറി. വിവിധയിടങ്ങളിൽ മരം കടപുഴകി വീണത്‌ അഗ്നിരക്ഷാസേന മുറിച്ചുമാറ്റി. Read on deshabhimani.com

Related News