നല്ലളം കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം ഇന്ന്‌

ഇന്ന് ഉദ്ഘാടനംചെയ്യുന്ന നല്ലളം കുടുംബാരോഗ്യകേന്ദ്രം


മനാഫ് താഴത്ത് ഫറോക്ക്  വ്യവസായ സംരംഭങ്ങൾ വികെസി ഗ്രൂപ്പിന് സമ്പത്ത് സ്വരൂപിക്കുന്നതിനുള്ള ഉപാധിയല്ല, സാമൂഹ്യ - സന്നദ്ധ സേവനങ്ങൾക്കുള്ള പാതയാണ്. വ്യവസായവും സാമൂഹ്യ സേവനവും സമം ചേർത്തുള്ള ഇവരുടെ മാതൃകാ പ്രവർത്തനങ്ങളിലൊന്നാണ്  വ്യാഴാഴ്‌ച ആരോഗ്യ മന്ത്രി  വീണാജോർജ്‌ നാടിന്‌  സമർപ്പിക്കുന്ന ബേപ്പൂർ മണ്ഡലത്തിലെ ചെറുവണ്ണൂർ - നല്ലളം കുടുംബാരോഗ്യ കേന്ദ്രം. തെരുവിൽ കഴിയുന്നവർക്ക് അന്തസ്സായി ജീവിക്കുന്നതിന്‌ ജില്ലാ ഭരണകേന്ദ്രത്തിന്‌ കീഴിൽ നടപ്പാക്കിയ "ഉദയം’ പദ്ധതിക്കും സാമ്പത്തിക കരുത്തേകാനും വികെസിയുണ്ടായി.  സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന്‌ പുറമെ പ്രഭാത ഭക്ഷണ പദ്ധതിക്ക്‌ തുടക്കമിട്ടതും വികെസി തന്നെ.  മാറാട് ജിനരാജദാസ് എഎൽപി സ്കൂളിലാണ് ആദ്യമായി കുരുന്നുകൾക്ക്  പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി നടപ്പാക്കിയത്. പിന്നീട്‌ മറ്റ്‌ ചില സ്കൂളുകളിലേക്കും  നടപ്പാക്കി.  കടലുണ്ടി ചാലിയം, രാമനാട്ടുകര  എന്നിവിടങ്ങളിൽ നേരത്തെ  ആരോഗ്യ കേന്ദ്രങ്ങൾ നിർമിച്ചു. പാവങ്ങൾക്കായി 25 വീടുകൾ നിർമിക്കാൻ സഹായം നൽകിയതിനൊപ്പം കോഴിക്കോട്ടെ തെരുവുഗായകനായ ബാബുവിനും കുടുംബത്തിനും തലചായ്ക്കാനിടമൊരുക്കിയതും ഇവരായിരുന്നു.   നല്ലളത്ത് സൗജന്യ ഡയാലിസിസ്  കേന്ദ്രം നിർമിക്കുന്നതിന് കോടികൾ വിലമതിക്കുന്ന ഭൂമിയാണ് വിട്ടുനൽകിയത്.   വികെസി ഗ്രൂപ്പ് ചെയർമാൻ വി കെ സി മമ്മത് കോയയുടെ ജന്മദേശത്ത് ഒന്നരക്കോടിയോളം രൂപ ചെലവിട്ട്   സാംസ്കാരിക കേന്ദ്രവും ഒരുങ്ങിയിരിക്കയാണ്.  വികെസി ഗ്രൂപ്പ് ചെയർമാനായ വി കെ സി മമ്മത് കോയ തന്നെയാണ് ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാനും.വി കെ സി റസാഖ്, വി നൗഷാദ്, വി മുഹമ്മദ് കുട്ടി, വി മുഹമ്മദ് എന്നിവർ അംഗങ്ങളുമാണ്.  ചെറുവണ്ണൂർ - നല്ലളം പഴയ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയപ്പോൾ   അത്യാധുനിക കെട്ടിടമൊരുക്കാൻ വികെസി പാദരക്ഷ നിർമാണ കമ്പനിയുടെ കീഴിലെ വികെസി ചാരിറ്റബിൾ ഫൗണ്ടേഷൻ തയ്യാറാവുകയായിരുന്നു. 1.38 കോടി രൂപയോളം ചെലവായി. Read on deshabhimani.com

Related News