വായ്പാത്തട്ടിപ്പ് വാർത്ത നൽകി വെട്ടിലായി പൊലീസ്



എലത്തൂർ  വ്യാജരേഖകൾ നൽകി മാനേജരെ കബളിപ്പിച്ച് ജില്ലാ സഹകരണ ബാങ്കിന്റെ എലത്തൂർ ശാഖയിൽനിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത്‌ മുങ്ങിയ പ്രതികളെ അറസ്റ്റ്‌ ചെയ്ത വാർത്ത പൊലീസ്‌ നിഷേധിച്ചു. മാനേജരുൾപ്പെടെ മൂന്നുപേരെ അറസ്റ്റു ചെയ്തതായി ഒരു പത്രം റിപ്പോർട്ട് ചെയ്തിരുന്നു.  മുമ്പ്‌ അറസ്റ്റുചെയ്ത ഒന്നാം പ്രതി ലീഗ് നേതാവ് സക്കരിയയെയാണ് "വീണ്ടും അറസ്റ്റ്’ ചെയ്തതായി വാർത്ത വന്നത്‌.  മാനേജരെ മാത്രമാണ് അറസ്റ്റുചെയ്തതെന്ന് പൊലീസ്‌ തിരുത്തി.  2019ൽ കോടതി ഇടപെടലിനെ തുടർന്ന് കേസിലെ പ്രധാന പ്രതിയും  ലീഗ് എലത്തൂർ മണ്ഡലം ഭാരവാഹിയുമായ എലത്തൂർ ഗഫൂർ മൻസിലിൽ സക്കരിയയെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ബാങ്കിന്റെ അന്നത്തെ ശാഖ മാനേജരായിരുന്ന മുരളീധരനെ കബളിപ്പിച്ച്‌ ഒരു കോടി രൂപ ബാങ്കിൽ നിന്ന് സക്കരിയയും സഹോദരരായ, മുഹമ്മദ് ബഷീർ, അബ്ദുൽ റൗഫ്, ബന്ധുവായ പടിഞ്ഞാറയിൽ ഹിഷാം എന്നിവരും  തട്ടിയെടുത്തു എന്നാണ്‌ ആരോപണം.    അന്വേഷണം നടക്കാത്തതിനെ തുടർന്ന് ബാങ്ക് കോടതിയെ  സമീപിച്ചതോടെയാണ് 2019ൽ സക്കരിയയെ അറസ്റ്റുചെയ്‌തത്‌. പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും  കോടതി ജാമ്യം നിഷേധിച്ചു.  2014ൽ ബാലുശേരി കോട്ടുകുന്ന് മലയിലെ 2.25 ഏക്കർ നാലു ലക്ഷം രൂപയ്ക്ക് വാങ്ങിയ പ്രമാണങ്ങൾ വിലകൂട്ടിക്കാണിച്ച് ബാങ്കിൽ സമർപ്പിക്കുകയായിരുന്നു. വില്ലേജ്‌ ഓഫീസിൽനിന്നുള്ള രേഖകൾ വ്യാജമായി നിർമിക്കുകയും  സ്ഥല പരിശോധനയ്ക്കെത്തിയ മാനേജരെ മറ്റൊരു ഭൂമി കാണിച്ച്‌ കബളിപ്പിച്ചുവെന്നുമാണ് കേസ്.  25 ലക്ഷം രൂപ വീതമാണ് നാലുപേർ വായ്പയെടുത്തത്. പലിശ ഉൾപ്പെടെ രണ്ട് കോടിയോളം രൂപ ഇപ്പോൾ തിരിച്ചടയ്‌ക്കാനുണ്ട്. അറസ്റ്റ് ചെയ്ത റിട്ട. ബാങ്ക് മാനേജർ ചേവായൂർ  മുരളീധരനെ കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ്‌ ചെയ്തു. Read on deshabhimani.com

Related News