ആവിക്കൽ ശുചിത്വമാതൃകയാവും

മലിനജലം ഒഴുകുന്ന ആവിക്കൽ തോട്


കോഴിക്കോട്‌ അനുദിനം വളരുന്ന നഗരത്തിന്റെ മാലിന്യമത്രയും പേറുന്നത്‌ തീരദേശത്തെ മണ്ണും ജലവുമാണ്‌. മനസ്സറിഞ്ഞ്‌ ഒരുഗ്ലാസ്‌ വെള്ളം കുടിക്കാനാവില്ല തീരദേശ ജനതക്ക്‌. കോഴിക്കോട്ടെ തീരദേശത്തെ ഭൂഗർഭ ജലത്തിൽ നൈട്രേറ്റും ബാക്ടീരിയയും അനുവദനീയമായതിലും പതിന്മടങ്ങാണെന്നാണ്‌ കേന്ദ്ര ഭൂജല വകുപ്പ്‌ പരിശോധനയിൽ കണ്ടെത്തിയത്‌.  തൊട്ടുതൊട്ടില്ലെന്ന മട്ടിലുള്ള വീടുകളും ശൗചാലയങ്ങളും ഇതിന്‌ പ്രധാന കാരണമാണ്‌. കോർപറേഷന്റെ ആവിക്കൽ, കോതി സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകൾ ഇതിനുള്ള ശാസ്‌ത്രീയ പരിഹാരമാണ്‌. ഇത്‌ മനസ്സിലാക്കാതെയാണ്‌ സമീപകാല പ്രതിഷേധം. പ്ലാന്റ്‌ ഇല്ലെങ്കിൽ 
കുടിവെള്ളം മുട്ടും ജനസാന്ദ്രതകൂടിയ പ്രദേശങ്ങളിലാണ്‌ പ്ലാന്റ്‌ അനിവാര്യം. വെള്ളയിൽ, തോപ്പയിൽ, മൂന്നാലിങ്കൽ വാർഡുകൾക്കായി ആവിക്കൽ തോടിനടുത്തും മുഖദാർ, കുറ്റിച്ചിറ, ചാലപ്പുറം, വലിയങ്ങാടി വാർഡുകൾക്കായി കോതിയിലുമാണ്‌ പ്ലാന്റ്‌ വരുന്നത്‌. കേസ്‌ നടക്കുന്നതിനാൽ കോതിയിലെ പ്രവർത്തനം നിർത്തിയിരിക്കയാണ്‌.  വെള്ളയിൽ വാർഡിൽ  2020ലെ കണക്കുപ്രകാരം 11,108 ആണ്‌ ജനസംഖ്യ. കുറ്റിച്ചിറ വാർഡിൽ 11,484 ആണ്‌. രണ്ടും മൂന്നും സെന്റാണ്‌ ഓരോ കുടുംബത്തിനും. പലയിടത്തും കിണറും ശൗചാലയങ്ങളും  അകലമില്ല. ആവിക്കലും കോതിയും തെരഞ്ഞെടുക്കപ്പെട്ടത്‌ ഇക്കാരണത്താലാണ്‌. പദ്ധതിയിലൂടെ കക്കൂസ്‌ മാലിന്യം ടാങ്കിലെത്തിക്കുന്നതിനുള്ള പമ്പിങ്‌ സ്‌റ്റേഷനുകൾ കുറയ്‌ക്കാനാകും. സ്ഥലമേറ്റെടുക്കലും ചെലവും കുറയും. തോടിന്റെ സ്വഭാവിക വീതിയും ഒഴുക്കും തടസ്സപ്പെടുത്താതെയാണ്‌ 89 മീറ്ററിൽ പ്ലാന്റ്‌ നിർമിക്കുക. 70 ലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റാണിത്‌.  സീമാക്‌ ഹൈടെക്‌ എന്ന കമ്പനിയാണ്‌ അഞ്ച്‌ വർഷത്തേക്ക്‌ പദ്ധതി നടപ്പാക്കുക. തുടർന്ന്‌ കോർപറേഷന്‌ കൈമാറും.  ആവിക്കൽ തോടിലൂടെ 
തെളിനീരൊഴുകും തെളിനീരൊഴുകിയ ആവിക്കൽ തോട്‌ മാലിന്യം കലർന്ന്‌ കറുത്തുകൊഴുത്ത്‌ ഒഴുകുകയാണ്‌. വീടുകളിൽ നിന്നുൾപ്പെടെ സകല മാലിന്യവും തോട്ടിലേക്ക്‌ ഒഴുക്കുന്നു. കക്കൂസ്‌ മാലിന്യംവരെ ഇതിലുണ്ട്‌. മലിനജലം പ്ലാന്റിലെത്തിച്ച്‌ ശുദ്ധീകരിച്ചുവിടുന്നതോടെ ആവിക്കൽ തോട്ടിലും തെളിനീരൊഴുകും. നിലവിൽ തോടിലൂടെ മലിനജലം ഒഴുകി കടലിലെത്തുകയാണ്‌.  മണ്ണും വെള്ളവും മാലിന്യമുക്തമാക്കാൻ കൂടുതൽ സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകൾ വന്നേ മതിയാകൂ. 10 മേഖലകളായി തിരിച്ച്‌ ഓരോന്നിലും ഒരു പ്ലാന്റ്‌ ആരംഭിക്കാനാണ്‌ കോർപറേഷൻ ആലോചിക്കുന്നത്‌. റീ ബിൽഡ്‌ കേരളയുടെ ഭാഗമായി ബേപ്പൂർ ഉൾപ്പെടെയുള്ള മേഖലയിലും അടുത്തഘട്ടത്തിൽ ആരംഭിക്കും.  Read on deshabhimani.com

Related News