എകരൂൽ – കക്കയം ഡാം റോഡ് പ്രവൃത്തി ഉടൻ



ബാലുശേരി എകരൂൽ – കക്കയം ഡാം റോഡ് ആദ്യഘട്ട നവീകരണത്തിന്റെ ടെൻഡർ നടപടി പൂർത്തിയായി. കോഴിക്കോട് ആസ്ഥാനമായ അഞ്ജന കൺസ്ട്രക്‌ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല. എകരൂലിൽ നിന്നാരംഭിച്ച് മുതൽ 3.300 വരെയും 4.100 മുതൽ 6.400 വരെയും 5.50 മീറ്റർ വീതിയിൽ  ബിഎം ആൻഡ്‌ ബിസി ചെയ്യുന്ന പ്രവൃത്തിയാണ് ആരംഭിക്കുന്നത്. ആറ് കലുങ്ക്‌, ആറ് ക്രോസ് ഡ്രെയിൻ, 4.70 കിലോമിറ്റർ ഓവുചാൽ, 1.58 കിലോമീറ്റർ ഐറിഷ് ഡ്രെയിൻ, 350 മീറ്റർ നടപ്പാതയിൽ ടൈൽ വിരിച്ച് ഹാൻഡ് റെയിൽ സ്ഥാപിക്കൽ, റോഡ് സുരക്ഷാ ബോർഡുകൾ എന്നിവ പ്രവൃത്തിയിലുണ്ട്.  8.80 കോടി രൂപയാണ് സർക്കാർ ഇതിനായി അനുവദിച്ചിട്ടുള്ളത്. പ്രവൃത്തി ആരംഭിക്കുന്നതിനായി  മന്ത്രി  മുഹമ്മദ് റിയാസ്  റോഡ് സന്ദർശിക്കുകയും നടപടി വേഗത്തിലാക്കാൻ നിർദേശംനൽകുകയും ചെയ്തിരുന്നു. എകരൂൽ മുതൽ കക്കയം ഡാം സൈറ്റ് വരെയുള്ള 31.700 കിലോമീറ്ററാണ്‌  നവീകരിക്കാനുള്ളത്. ഇതിൽ ഇരുപത്തിയെട്ടാംമൈൽ മുതൽ പടിക്കൽവയൽ വരെയുള്ള ഭാഗം മലയോര ഹൈവേയുടെ ഭാഗമായി 12 മീറ്റർ വീതിയിൽ നവീകരിക്കും.  ഇതിനായി കിഫ്ബി 34 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കെആർഎഫ്ബി മുഖേന ഈ പ്രവൃത്തി  ടെൻഡർ നടപടിയിലാണെന്ന് കെ എം സച്ചിൻദേവ് എംഎൽഎ അറിയിച്ചു. എകരൂൽ കക്കയം ഡാം സൈറ്റ് റോഡിലെ തെച്ചി പാലത്തിന്റെ പ്രവൃത്തിയും നടക്കുന്നു.  രണ്ട് കോടിയാണ് ഇതിനായി ചെലവഴിക്കുന്നത്. റോഡ് നവീകരണം പൂർത്തിയാവുന്നതോടെ കക്കയം, വയലട ഉൾപ്പെടെയുള്ള വിനോദ സഞ്ചാരമേഖലക്കും ഉണർവേകും. Read on deshabhimani.com

Related News